ഇന്ത്യന്‍ സ്ത്രീകളുടെ സംസ്‌കാരവും പാരമ്പര്യവും ഇതല്ല; ദീപികയുടെ വസ്ത്ര ധാരണത്തിനെതിരെ കെ.ജി.എഫ് താരം
Film News
ഇന്ത്യന്‍ സ്ത്രീകളുടെ സംസ്‌കാരവും പാരമ്പര്യവും ഇതല്ല; ദീപികയുടെ വസ്ത്ര ധാരണത്തിനെതിരെ കെ.ജി.എഫ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th January 2023, 12:16 pm

പത്താന്‍ സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിനെതിരെ തെലുങ്ക് നടന്‍ ആനന്ദ് നാഗ്. സ്ത്രീകളെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ആനന്ദ് നാഗ് പറഞ്ഞു. ഒ.ടി.ടിയില്‍ ഒരു നിയന്ത്രണവും മറവുമില്ലാതെ എല്ലാം കാണിക്കുകയാണെന്നും ഇന്ത്യന്‍ സിനിമ ഇത്തരത്തിലുള്ള നഗ്നതാ പ്രദര്‍ശനം നിര്‍ത്തണമെന്നും ആനന്ദ് നാഗ് ഏഷ്യാനെറ്റിനോട് പറഞ്ഞു.

‘സ്ത്രീകളെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. സെന്‍സര്‍ ബോര്‍ഡ് ആദ്യം തന്നെ അവരുടെ പണി ചെയ്തിരുന്നെങ്കില്‍ ഇത് പുറത്ത് വരില്ലായിരുന്നു.

സിനിമയുടെ കാര്യം വിട്. ഇപ്പോള്‍ ഒ.ടി.ടിയില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ നോക്ക്. അവിടെ ഒരു നിയന്ത്രണവുമില്ല, ആരും തടയാനില്ല. ഏറ്റവും മോശമായതും നിന്ദ്യമായതുമെല്ലാം ഒ.ടി.ടിയില്‍ വരുന്നു. എല്ലാം ഒരു മറവുമില്ലാതെ കാണിക്കുകയാണ്.

വലിയ സ്‌ക്രീനിലായാലും ചെറിയ സ്‌ക്രീനിലായാലും ഇതുപോലെയുള്ള നഗ്നതാ പ്രദര്‍ശനം ഇന്ത്യന്‍ സിനിമ നിര്‍ത്തണം. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമെതിരായത് ചിത്രീകരിച്ചാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതക്ക് വഴിവെക്കും,’ ആനന്ദ് നാഗ് പറഞ്ഞു.

ഷാരൂഖ് ഖാന്‍ നായകനായ പത്താനിലെ ബേഷരം രംഗ് എന്ന പാട്ട് പുറത്ത് വന്നതോടെ വലിയ തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഗാനരംഗങ്ങളിലെ ദീപികയുടെ കാവി ബിക്കിനി ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നതാണ് എന്നായിരുന്നു സംഘപരിവാറിന്റെ ആരോപണം. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചത്. എന്നാല്‍ ചിത്രം പരിശോധിച്ചതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച രംഗങ്ങളില്‍ കാവി ബിക്കിനി രംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: KGF actor anand nag against Deepika’s dressing in pathaan movie