| Monday, 10th August 2020, 5:55 pm

സൈബര്‍പോരാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിരകയറുന്നത് അനുവദിക്കാനാവില്ല; നിഷയ്ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ സോഷ്യല്‍മീഡിയയില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍, ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയില്‍ പറയുന്നു.

‘അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണം’

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കെ.ജി കമലേഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താ അവതരണത്തിനിടെയില്‍ ഡാം തുറന്നു എന്നതിനെ ഡാം തകര്‍ന്നു എന്ന് തെറ്റി വായിച്ചതിനാണ് നിഷയ്‌ക്കെതിരെ അധിക്ഷേപം തുടങ്ങിയത്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും. ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികം മാത്രമാണ്.

കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞകാലങ്ങളിലെല്ലാം മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്. ഇഷ്ടമില്ലാത്ത വാര്‍ത്ത വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍പോരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല, മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ പോരാളികള്‍ അഴിഞ്ഞാടുന്നത്.

അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KG Kamalesh Nisha Purushothaman KUWJ Cyber Attack

We use cookies to give you the best possible experience. Learn more