സിനിമാ സെറ്റിലേക്ക് മമ്മൂക്ക പുതിയ നിക്കോണ്‍ ക്യാമറ കൊണ്ടുവരുന്നതിനെ പറ്റി പറയുകയാണ് ഛായാഗ്രാഹകന്‍ കെ.ജി ജയന്‍. ‘ഡാനി’യുടെ സെറ്റില്‍ മമ്മൂട്ടിക്കൊപ്പം രസകരമായ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിരുന്നെന്നും ഓരോ തവണ ഓരോ തമാശകള്‍ പ്രയോഗിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ജി ജയന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞങ്ങള്‍ക്ക് ജോജി എന്നുപേരുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു. ജോജി അന്നെന്റെ അസിസ്റ്റന്റും കൂടിയായിരുന്നു. ജോജിയുടെ കയ്യില്‍ സാധാരണ ക്യാമറയായിരുന്നു.
അതു വെച്ച് അവന്‍ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്ക വന്ന് എന്തോന്നെഡേയ് ഇതാണോ ക്യാമറ എന്നൊക്കെ പറഞ്ഞു. ജോര്‍ജ് എന്ന് പേരുള്ള മമ്മൂക്കയുടെ മേക്കപ്പ് മാന്‍ കം അസിസ്റ്റന്റ് ഉണ്ട്. പുള്ളിയോട് ജോര്‍ജേ ആ ക്യാമറ ഇങ്ങെടുക്കെന്ന് പറഞ്ഞപ്പോള്‍ പുള്ളി അതെടുത്തോണ്ട് വന്നു.
അത് നിക്കോണിന്റെ പുതിയ ഡിജിറ്റല്‍ ക്യാമറയായിരുന്നു. അന്ന് ഡിജിറ്റല്‍ ക്യാമറയൊക്കെ ഇറങ്ങുന്നേയുള്ളൂ.
ആ ക്യാമറ കാണിച്ച് ജോജിയെ നീ ഇത് കണ്ടിട്ടുണ്ടോ എന്നൊക്കെ പറഞ്ഞ് വിരട്ടും. അവനും ഞങ്ങളുമൊക്കെ അത് മേടിച്ച് നോക്കി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കുറച്ച് ഫോട്ടോസ് എടുത്ത് അത് തിരിച്ച് കൊടുത്തു. ഞങ്ങള്‍ക്ക് ക്യാമറയോടുള്ള ഇന്ററസ്റ്റും കഴിഞ്ഞു.
പക്ഷെ പുള്ളിയുടെ ഉദ്ദേശം പുള്ളിയുടെ പടം അതുവെച്ച് എടുക്കണമെന്നായിരുന്നു. ഗമ കാരണം അത് തുറന്നുപറയുകയുമില്ല. (ചിരിക്കുന്നു)
ആ ക്യാമറ വെറുതെ അവിടെ കിടക്കുകയല്ലേ അത് വെച്ച് ഫോട്ടോ എടുത്തൂടെ എന്നൊക്കെയായിരുന്നു പറഞ്ഞത്.
ഇങ്ങനെയുള്ള തമാശകളുണ്ട് പുള്ളിക്ക്. ഓരോ സമയത്ത് ഓരോ തമാശയാണ്. ചിലപ്പോള്‍ ബൈനോക്കുലറിനോടാകും കമ്പം. അപ്പോള്‍ അതെടുത്ത് അവിടേം ഇവിടേം ഒക്കെ പോയിരുന്ന് നോക്കും. ഞങ്ങളെ വിളിച്ച് ഓരോന്നൊക്കെ കാട്ടിത്തരും. ഗാഡ്ജറ്റുകളോട് പ്രത്യേക കമ്പമാണ് പുള്ളിക്ക്,’ കെ.ജി. ജയന്‍ പറഞ്ഞു.
Content Highlights: KG Jayan talking about Mammootty’s Gadget love