| Monday, 26th August 2024, 8:12 pm

നൂതന സംരംഭങ്ങള്‍ക്ക് കുതിപ്പേകാന്‍ കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ഓഗസ്റ്റ് 29ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024 ഓഗസ്റ്റ് 29ന് നടക്കും. വ്യാഴാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കെ.എഫ്.സി ചെയര്‍മാന്‍ ശ്രീ. സഞ്ജയ് കൗള്‍ ഐ.എ.എസ് സ്വാഗതം പറയും. പൊതുവിദ്യാഭ്യാസ, തൊഴില്‍വകുപ്പ് മന്ത്രി ശ്രീ. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സ്റ്റാള്‍ ഈ കോണ്‍ക്ലേവിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാരദാനവും ഈ ധനകാര്യവര്‍ഷത്തെ കെ.എഫ്.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് നിര്‍വഹിക്കും.

ഈ വര്‍ഷത്തെ ലാഭവിഹിതമായ 36 കോടി രൂപയുടെ ചെക്കും ചടങ്ങില്‍ വെച്ച് കെ.എഫ്.സി സര്‍ക്കാരിന് കൈമാറും. മികവുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആശയ രൂപീകരണം മുതല്‍ കമ്പനിയുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന പദ്ധതിയാണ് ‘കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി’.

ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ഈടില്ലാതെ വായ്പ ലഭ്യമാകും. കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി 61 കമ്പനികള്‍ക്കായി 78.52 കോടി രൂപയാണ് ഇതുവരെ വായ്പയായി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം പുതിയതായി 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പദ്ധതിയുണ്ട്.

Content Highlight: KFC Startup Conclave on 29th August to boost innovative ventures

We use cookies to give you the best possible experience. Learn more