തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ ഈടില്ലാതെനല്‍കുന്ന വായ്പയുടെ പരിധി 10 കോടി രൂപയില്‍ നിന്നും 15 കോടി രൂപയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അഡ്വ. കെ എന്‍ ബാലഗോപാല്‍.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വ്യാഴാഴ്ച നടന്ന കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വിപുലീകരണത്തിനുള്ള വായ്പയുടെ പരിധി 2 കോടിയില്‍ നിന്നും 3 കോടി രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പോലെയുള്ള ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനം ഇത്രയും ലാഭകരമായി നടത്താന്‍ സാധിക്കുന്നതെങ്ങനെയാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാര്‍ ചോദിക്കാറുണ്ടെന്ന് ഉദ്ഘാടകന്‍ കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
ആദ്യകാലത്ത് കെ.എഫ്.സി ഒട്ടും നിക്ഷേപകസൗഹൃദമല്ല എന്ന ആരോപണം ചിലര്‍ പറഞ്ഞിരുന്നു. അത് പരിഹരിക്കുന്നതിന്റെ ഭാഗമായി വായ്പകളുടെ പലിശ 13 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി കുറച്ചു. വായ്പകളുടെ പരിധി 50 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത്തരം തീരുമാനങ്ങള്‍ കെ.എഫ് സിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നവീനമാതൃകകളും സഹവര്‍ത്തിത്വവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ‘കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024’ എന്ന പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐ.എ എസ് സ്വാഗതം പറഞ്ഞു.
മികവുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആശയ രൂപീകരണം മുതല്‍ കമ്പനിയുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന പദ്ധതിയാണ്’ കെ എഫ് സി സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി’. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കില്‍ ഈടില്ലാതെ വായ്പ ലഭ്യമാകും.
കെ.എഫ്.സി സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികള്‍ക്കായി 78.52 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം പുതിയതായി 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പദ്ധതിയുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ അതുല്യമായ വളര്‍ച്ചയും നേട്ടങ്ങളുമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കൈവരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ സഞ്ജയ് കൗള്‍ ഐ.എ.എസ് പറഞ്ഞു. സ്ഥാപനത്തിന്റെ മൊത്തലാഭം 6.58 കോടി രൂപയില്‍ നിന്നും 957.18 ശതമാനം വര്‍ധിച്ച് 74.04 കോടി രൂപയായപ്പോള്‍ വായ്പാ ആസ്തി 4621 കോടി രൂപയില്‍ നിന്നും 7368.32 കോടി രൂപയായി വര്‍ധിച്ചു. അതേസമയം, അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.68 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കെഎഫ്‌സിയിലെ സര്‍ക്കാര്‍ മൂലധനം 300 കോടി രൂപയില്‍ നിന്നും 600 കോടിരൂപയാക്കി ഉയര്‍ത്തുകയും സര്‍ക്കാരിന്റെ ഔദ്യോഗിക എം.എസ്.എം.ഇ വായ്പാ ഏജന്റായി കെ.എഫ്.സിയെ നിയമിക്കുകയും ചെയ്തത് ധനകാര്യമന്ത്രി ക. എന്‍. ബാലഗോപാലിന്റെ സംഭാവനകളാണെന്നും ഇത് കെ.എഫ്.സിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായെന്നും ചടങ്ങില്‍ കെ.എഫ്.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷത്തെ കെ.എഫ്.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിനുള്ള ഈ വര്‍ഷത്തെ ലാഭവിഹിതമായ 35.84 കോടിരൂപയുടെ ചെക്ക് ചെയര്‍മാന്‍ സഞ്ജയ് കൗള്‍ ഐ.എ.എസ് ധനകാര്യവകുപ്പ് മന്ത്രിയ്ക്ക് കൈമാറി.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്തവയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്‌കാരദാനം ധനകാര്യവകുപ്പ് മന്ത്രി നിര്‍വഹിച്ചു.
ഗ്രീന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് നവാള്‍ട്ട് സോളാര്‍ & ഇലക്ട്രിക് ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും, സോഷ്യല്‍ ഇമ്പാക്ടര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് ജെന്‍ റോബോടിക്‌സ് ഇന്നവേഷന്‍ പ്രൈവറ്റ് ലിമിറ്റഡും, എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് വിസികോം നര്‍ചര്‍ പ്രൈവറ്റ് ലിമിറ്റഡുമാണ് അര്‍ഹരായത്.
പയനോമെഡ് ബയോജെനിക്‌സ്, ഫാബുസ് ഫ്രെയിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐ റോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും പുരസ്‌കാരത്തിനര്‍ഹരായി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പരിശോധിച്ച് തെരെഞ്ഞെടുക്കുന്ന വിദഗ്ദ്ധസമിതിയിലെ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ജി. ഭുവനേശ്വരി, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, ടൈ കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അരുണ്‍ നായര്‍, സി.ഐ.ഐ തിരുവനന്തപുരം സോണ്‍ മുന്‍ ചെയര്‍മാന്‍ എം.ആര്‍.നാരായണന്‍ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
CONTENT HIGHLIGHTS: KFC loan limit to be raised to Rs 15 crore: KN Balagopal