| Thursday, 2nd January 2025, 6:04 pm

അനില്‍ അമ്പാനിയുടെ കമ്പനിയിലെ കെ.എഫ്.സി നിക്ഷേപം എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; പ്രതിപക്ഷ നേതാവിന് കെ.എന്‍ ബാലഗോപാലിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സംബന്ധിച്ച് 2018ല്‍ റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമ നടപടിക്രമങ്ങള്‍ പാലിച്ചാണ് കെ.എഫ്.സി നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടം വരുന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നിയമവിരുദ്ധമായി ചില കാര്യങ്ങള്‍ ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അന്നത്തെ നിക്ഷേപത്തിന്റെ കാര്യത്തില്‍ എല്ലാ നിയമവും പാലിച്ചാണ് കെ.എഫ്.സി പണം നിക്ഷേപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

ആ സമയത്ത് 60 കോടിയാണ് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപ്പിറ്റലിന്റെ കമ്പനിയില്‍ നിക്ഷേപിച്ചതെന്നും അതിനകത്ത് അന്ന് വിവിധ കമ്പനികള്‍ 80,000ത്തോളം കോടികള്‍ നിക്ഷേപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആ നിക്ഷേപത്തിനകത്ത് ചില കമ്പനികള്‍ക്ക് ബിസിനസ് കാര്യങ്ങളനുസരിച്ച് നഷ്ടവും ലാഭവും വരാമെന്നും എന്നാല്‍ നിക്ഷേപത്തില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചല്ല ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും സെന്‍ട്രല്‍ ആക്ട് പ്രകാരമാണ് പ്രവര്‍ത്തനമെന്നും, ആ നിയമങ്ങള്‍ക്കനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

‘സെക്ഷന്‍ 34 പ്രകാരം ബാങ്ക് അക്കൗണ്ട് ഓപ്പറേറ്റിങ്ങിനെ കുറിച്ച് പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചിരുന്നു, നിയമപ്രകാരമാണ് അക്കാര്യങ്ങളെല്ലാം ചെയ്തത്. ഇന്‍വസ്റ്റ്‌മെന്റ് ഡിസിഷന്‍ എടുക്കുമ്പോള്‍ സാധാരണ ഗതിയില്‍ ബിസിനസിന്റേതായ ലാഭവും നഷ്ടവും വരുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, നബാര്‍ഡ്, യൂണിയന്‍ ബാങ്ക്, കനറാ ബാങ്ക് എന്നിങ്ങനെ നിരവധി ബാങ്കുകള്‍ പണം നിക്ഷേപിച്ച കമ്പനിയിലാണ് പണം നിക്ഷേപിച്ചിരുന്നത്.

നിക്ഷേപിക്കുന്ന സമയത്ത് ഇവര്‍ക്ക് വളരെ വലിയ റേറ്റിങ്ങുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം നടത്തിയത്. ഉയര്‍ന്ന റേറ്റിങ്ങുള്ള സ്ഥലത്താണ് സാധാരണ ഗതിയില്‍ സര്‍ക്കാരിന്റെ ഗ്യാരണ്ടി 20 ശതമാനം ലഭിക്കുക.

സര്‍ക്കാരിന്റെ ഗ്യാരണ്ടി കെ.എഫ്.സിക്ക് ഇല്ലാത്തതിനാലാണ് സുരക്ഷിതത്വത്തിന് വേണ്ടി നിക്ഷേപം നടത്തിയത്. അന്ന് ചെയ്ത കാര്യത്തില്‍ മനപൂര്‍വമായ പ്രശ്‌നമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍ ബിസിനസ് സംബന്ധിച്ച് മറ്റ് കമ്പനികള്‍ക്ക് സംഭവിച്ചത് പോലെയാണ് നഷ്ടമുണ്ടായത്.

ഇത് സംബന്ധിച്ച് ബോംബെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ കുറച്ച് പണം ലഭിച്ചിട്ടുണ്ട്. കേസ് നടത്തി നഷ്ടപ്പെട്ട തുകയുടെ പകുതിയോളം നഷ്ടപരിഹാരമായി ലഭിക്കുന്നതിന് വേണ്ടി കേസ് നടത്തുന്നുണ്ട്.

ഇന്‍വസ്റ്റ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇന്‍വസ്റ്റ്‌മെന്റ് ഡിസിഷന്‍ കമ്മറ്റിയാണെന്നും ഇതില്‍ എക്‌സ്‌പെര്‍ട്ടുകളാണ് തീരുമാനങ്ങളെടുക്കുന്നത്,’ മന്ത്രി പറഞ്ഞു.

തീരുമാനമെടുത്ത് റാറ്റിഫൈ ചെയ്യലാണ് സാധാരണ സ്ഥാപനങ്ങളെടുക്കുന്നത്. കമ്പനിയില്‍ നിക്ഷേപമുണ്ടെങ്കില്‍ മാത്രമേ റേറ്റിങ്ങ് ലഭിക്കുകയുള്ളൂവെന്നും ക്രെഡിറ്റ് റേറ്റിങ്ങ് ഉണ്ടെങ്കില്‍ മാത്രമേ പബ്ലിക്കില്‍ നിന്ന് വായ്പ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ യെസ് ബാങ്കുള്‍പ്പെടെ പല സ്ഥാപനങ്ങളും തകര്‍ന്നിരുന്നു. സാമ്പത്തികമായി കെ.എഫ്.സി മുന്‍നിരയില്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു. കെ.എഫ്.സിക്ക് പല കാര്യത്തിലും കേന്ദ്രത്തിന്റെ നിയമപ്രകാരം നിബന്ധനകളുണ്ടെന്നും ഇത് മാറിയാല്‍ മാത്രമേ പല ഇടപെടലുകളും നടത്താന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: KFC investment in Anil Ambani’s company meets all criteria; KN Balagopal’s reply to the Leader of the Opposition

We use cookies to give you the best possible experience. Learn more