20 ലക്ഷം കോഴ; കെ.എഫ്.സി ഡയറക്ടറുടെ സ്ഥാനം തെറിച്ചേക്കും
Daily News
20 ലക്ഷം കോഴ; കെ.എഫ്.സി ഡയറക്ടറുടെ സ്ഥാനം തെറിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2014, 5:20 pm

[] തിരുവനന്തപുരം: 20 ലക്ഷം രൂപ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) ഡയറക്ടര്‍ കൊട്ടാരക്കര പൊന്നച്ചനെ പദവിയില്‍ നിന്നും നീക്കിയേക്കും. കേരള കോണ്‍ഗ്രസ് (എം) തിരവന്തപുരം ജില്ലാ പ്രസിഡന്റു കൂടിയായ ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പൊതുവികാരം.

ധനമന്ത്രി കെ.എം മാണിക്കു വേണ്ടിയെന്ന് പറഞ്ഞ് 20 ലക്ഷം രൂപ പൊന്നച്ചന്‍ കമ്മിഷന്‍ വാങ്ങിയതായി സി.പി.എമ്മിലെ ഡോ. തോമസ് ഐസക് നിയമസഭയില്‍ ആരോപണമുന്നയിക്കുകയായിരുന്നു. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കുകയും കോഴ വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു.

നേരത്തെയും പൊന്നച്ചനെക്കുറിച്ച് ജില്ലയില്‍ നിന്നുള്ള പല നേതാക്കളും പരാതി ഉന്നയിച്ചിരുന്നവത്രെ. ഇദ്ദേഹത്തിന്റെ പല നടപടികളും ദുരൂഹമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു.

നിയമസഭയില്‍ ആരോപണം വന്നതോടെ അന്വേഷിക്കാതിരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. പാര്‍ട്ടി ജില്ലാ പ്രസിഡന്റു സ്ഥാനത്തുനിന്നും കെ.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്നും പൊന്നച്ചനെ നീക്കം ചെയ്യണമെന്നാണ് നേതാക്കളുടെ ആവശ്യം.

പൊന്നച്ചന്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നതെന്നും തോമസ് ഐസക്കിന്റെ ആരോപണം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മാണിയും പ്രതികരച്ചിരുന്നു.