| Wednesday, 21st March 2018, 7:18 pm

'കളിമെനയാന്‍ പടനായകനെത്തി' സൂപ്പര്‍ കപ്പില്‍ സൂപ്പറാവാനൊരുങ്ങി മഞ്ഞപ്പട; പരിക്കേറ്റ് മടങ്ങിയ വിദേശതാരം തിരികെയെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ മഞ്ഞപ്പട ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. സീസണില്‍ മികച്ച ഫോമില്‍ ബ്ലാസ്‌റ്റേഴസിനായി പോരാടുന്നതിനിടെ പരിക്കേറ്റ് മടങ്ങിയ ഉഗാണ്ടന്‍ സൂപ്പര്‍ താരം കെസിറോണ്‍ കിസിറ്റോ ടീമിനൊപ്പം ചേര്‍ന്നു.

ഐ.എസ്.എല്ലില്‍ ഏതാനം മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ കളി മെനഞ്ഞ താരം പരിക്കേറ്റ് പുറത്തുപോയത് ടീമിന്റെ മുന്നേറ്റത്തെ ബാധിച്ചിരുന്നു. പ്ലേ ഓഫ് കാണാതെ ടീം പുറത്തായെങ്കിലും ആറാം സ്ഥാനക്കാരായി സൂപ്പര്‍ കപ്പിനു നേരിട്ട് യോഗ്യത ലഭിക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയില്‍ വിദേശ താരങ്ങളുടെ അഭാവം നേരത്തെ വാര്‍ത്തയായിരുന്നു ഈ സാഹചര്യത്തിലാണ് പരിക്കില്‍ നിന്നും മോചിതനായി കിസിറ്റോ തിരിച്ചെത്തിയെന്ന വാര്‍ത്ത ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്.

സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ക്യാമ്പിനു വമ്പന്‍ സന്തോഷ വാര്‍ത്ത. പരിക്കേറ്റ് പുറത്തായ ഉഗാണ്ടന്‍ സൂപ്പര്‍ താരം കെസിറോണ്‍ കിസിറ്റോ ടീമിനൊപ്പം ചേര്‍ന്നു. കിസിറ്റോ പരിശീലനത്തിനായി ടീമിനൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങള്‍ ബ്ലാസ്റ്റേഴ്സ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടത്.

നേരത്തെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത കിസിറ്റോ മികച്ച ഗോളവസരം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മത്സരങ്ങള്‍ കൂടി കളിച്ച താരം തോളിനേറ്റ പരിക്കു മൂലമാണ് ഉഗാണ്ടയിലേക്ക് മടങ്ങിയത്. കിസിറ്റോ പരിക്കേറ്റ് മടങ്ങിയപ്പോള്‍ ടീമിലെത്തിയ പുള്‍ഗയും സൂപ്പര്‍ കപ്പിനായുള്ള ടീമിനൊപ്പമുണ്ട്.

വെസ് ബ്രൗണ്‍, നെമാഞ്ച പെസിച്ച്, വിക്ടര്‍ പുള്‍ഗ, റിനോ ആന്റോ, ലാല്‍റുവത്താര, ദീപേന്ദ്ര നേഗി തുടങ്ങിയ താരങ്ങള്‍ സൂപ്പര്‍ കപ്പിനായി പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രം ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more