ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പി.എസ്.ജി താരം കെയ്‌ലര്‍ നവാസിനെ ടീമിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍ റയല്‍ താരവും ക്രിസ്റ്റ്യാനോയുടെ സഹതാരവുമായിരുന്ന നവാസ് അല്‍ നസറിലെത്തുകയാണെങ്കില്‍ ടീമിനും റൊണാള്‍ഡോക്കും ഏറെ ഗുണകരമാകുമെന്നുറപ്പാണ്.
ഇറ്റാലിയന്‍ മാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബ്ബിന് കെയ്‌ലര്‍ നവാസിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ആഴ്ചയോടെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കെയ്‌ലര്‍ നവാസ് അല്‍ നസറിലേക്കെത്തുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ താരത്തിന്റെ പഴയ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ റൊണാള്‍ഡോയെ കുറിച്ച് പറഞ്ഞ നവാസിന്റെ വാക്കുകളാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
2018ല്‍ ഐറിഷ് മിററിനോടായിരുന്നു നവാസ് ഇക്കാര്യം പറഞ്ഞത്.
‘റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ സ്ഥാനം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തിലാണ്. നിങ്ങള്‍ക്കൊരിക്കലും സൂര്യനെ ഒരു വിരല്‍ കൊണ്ട് മറച്ചുപിടിക്കാന്‍ സാധിക്കില്ല. അവന്‍ ഇവിടെയായിരുന്നപ്പോള്‍ നിരവധി ഗോളുകളാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ അതെല്ലാം കഴിഞ്ഞ കാര്യമാണ്, നമുക്ക് ഭൂതകാലത്തില്‍ ജീവിക്കാന്‍ സാധിക്കില്ല,’ നവാസ് പറഞ്ഞു.
നാല് സീസണില്‍ റയലിനൊപ്പം ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഇതില്‍ മൂന്ന് തവണ ലോസ് ബ്ലാങ്കോസിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയിക്കുന്നതിലും ഇരുവരും നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.
2018ല്‍ ക്രിസ്റ്റ്യാനോ റയലില്‍ നിന്നും സീരി എ ക്ലബ്ബായ യുവന്റസിലേക്ക് കളിത്തട്ടകം മാറ്റിയിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം കെയ്‌ലര്‍ നവാസും റയല്‍ വിട്ടിരുന്നു.
നിലവില്‍ പി.എസ്.ജിയുടെ ഗോള്‍ കീപ്പറാണെങ്കിലും കളത്തിലിറങ്ങി കളിക്കാന്‍ കെയ്‌ലര്‍ നവാസിന് സാധിക്കാറില്ല. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ ജിയാന്‍ലൂജി ഡൊണാറൂമ്മക്ക് പിന്നില്‍ ഒതുങ്ങാനായിരുന്നു സമീപകാലങ്ങളില്‍ താരത്തിന്റെ വിധി.
ടീമില്‍ കെയ്‌ലര്‍ നവാസിന് കാര്യമായ റോള്‍ ഒന്നും നിലവില്‍ ഇല്ലാത്തതിനാല്‍ താരത്തെ പറഞ്ഞയക്കുന്ന കാര്യവും പി.എസ്.ജി ആലോചിക്കാതിരിക്കില്ല. നാല് മില്യണ്‍ യൂറോയാണ് അല്‍ നസര്‍ കെയ്‌ലര്‍ നവാസിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സമ്മറില്‍ താരത്തിന്റെ കോണ്‍ട്രാക്ട് അവസാനിക്കാനിരിക്കെ ടീം ഈ ഓഫര്‍ സ്വീകരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content highlight: Keylor Navas’ old statement about Cristiano Ronaldo resurfaces on internet