ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, അന്ന ബെന്‍, സാശ്വത ചാറ്റര്‍ജീ, പശുപതി, ബ്രഹ്‌മാനന്ദം, ദിശ പഠാനി തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, മൃണാല്‍ താക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ അതിഥി വേഷങ്ങളും ഉണ്ടായിരുന്നു.
കല്‍ക്കിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു റയ. സിനിമയില്‍ റയയായി എത്തിയത് കേയ നായര്‍ എന്ന പെണ്‍കുട്ടിയാണ്. പകുതി മലയാളിയായ കേയ കല്‍ക്കിയില്‍ അമിതാഭ് ബച്ചനൊപ്പം ചെയ്ത സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കിയെ കുറിച്ച് പറയുകയാണ് കേയ.
‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപുര്‍വനിമിഷമായിരുന്നു അത്. സാധാരണഗതിയില്‍ നമുക്ക് അവരുടെ അടുത്തു പോകാന്‍പോലും കഴിഞ്ഞെന്നുവരില്ല. പക്ഷേ, അദ്ദേഹവുമായി അടുത്ത് പെരുമാറിയപ്പോള്‍ എനിക്ക് മനസിലായത് അവരൊക്കെ വളരെ സാധാരണക്കാരായ നല്ല മനുഷ്യരാണെന്നാണ്. അവരുടെ പ്രതിഭയും പ്രൊഫഷണലിസവുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തും.
പ്രഭാസിനെ സിനിമയുടെ പൂജയുടെ സമയത്താണ് കണ്ടത്. അല്ലാതെ എനിക്ക് അദ്ദേഹവുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. അന്ന് പൂജക്കെത്തിയ പ്രഭാസ് നേരെ അമിതാഭ് ബച്ചന്റെ അടുത്തേക്ക് ചെന്ന് കാല്‍തൊട്ട് വന്ദിച്ചു. തിരിച്ച് പ്രഭാസിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ തുനിഞ്ഞ ബച്ചനെ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു.
സൂപ്പര്‍സ്റ്റാര്‍ പദവി കൊണ്ടാടുമ്പോഴും ഇവരൊക്കെ വളരെ ഡൗണ്‍ ടു എര്‍ത്താണ്. എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ കൂടുതലും ഉണ്ടായിരുന്നത് അമിതാഭ് ബച്ചനൊപ്പമാണ്. ഞങ്ങള്‍ ആദ്യ തവണ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് കുടുംബത്തെ കുറിച്ചാണ്. എനിക്ക് ഒരു ഇരട്ട സഹോദരിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഐഡന്റിക്കല്‍ ആണോയെന്ന് ചോദിച്ചു. അല്ല, ഫ്രറ്റേണലാണെന്ന് ഞാന്‍ മറുപടി നല്‍കി.
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ‘എന്റെ കൗമാരകാലത്ത് ഫ്രറ്റേണല്‍ എന്ന വാക്ക് ഉച്ചരിക്കാന്‍പോലും അറിയില്ലായിരുന്നു’ എന്നാണ്. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും എത്രനേരം വേണമെങ്കിലും ഒരുമടിയുമില്ലാതെ അദ്ദേഹം സംസാരിക്കും. എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറും. പിന്നെ ഓരോ സീനും ഷൂട്ട് ചെയ്ത് കഴിയുമ്പോള്‍ അദ്ദേഹം അടുത്തുവന്ന് എന്റെ തലമുടിയില്‍ കൈയോടിച്ച് പോകുമായിരുന്നു. പിന്നീട് ഷൂട്ടിങ്ങ് അവസാനിക്കും വരെ അതൊരു പതിവായി,’ കേയ നായര്‍ പറഞ്ഞു.
Content Highlight: Keya Nair Talks About Amithabh Bachchan