| Friday, 10th January 2020, 8:18 am

ഗൗരി ലങ്കേഷ് കൊലക്കേസ്: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍; പിടിയിലായത് സനാതന്‍ സനസ്തയുടെ പ്രമുഖ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡ് ധന്‍ബാദില്‍വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുരളി എന്നറിയപ്പെട്ടിരുന്ന 44കാരനായ റുഷികേശ് ദിയോദികറാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് 2018 നവംബറില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയുമായും അതിന്റെ അനുബന്ധ ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള മുരളിയെ പ്രതിചേര്‍ത്തിരുന്നു.

കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ ഒരാളാണ് മുരളിയെന്നാണ് കണ്ടെത്തല്‍. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും ഉള്‍പ്പെടെ നല്‍കിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.

‘ധന്‍ബാദ് ജില്ലയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംശയങ്ങളെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ നാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും’, പ്രത്യേക അന്വേഷണ സംഘം പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദു ജനജാഗ്രതി സമിതിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുരളിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗങ്ങളുടെ വിവരങ്ങള്‍ സമിതിയുടെയും സനാതന്‍ സന്‍സ്തയുടെയും വെബ്സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു വിരുദ്ധരാണെന്ന് കരുതുന്ന വ്യക്തികളെ വധിക്കാന്‍ 2011-ല്‍ മുന്‍ ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകനായ വീരേന്ദ്ര തവാഡെ സ്ഥാപിച്ച സംഘടനയിലെ പ്രധാനികൂടിയാണ് മുരളിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഈ സംഘം തന്നെയാണ് 2013ല്‍ നരേന്ദ്ര ഘബോല്‍ക്കറിന്റെയും ഗോവിന്ദ് പന്‍സാരെയുടെയും 2015 ല്‍ എം.എം കല്‍ബര്‍ഗിയുടെയും കൊലപാതകത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.

2018 നവംബറിലാണ് അന്വേഷണ സംഘം സനാതന്‍ സന്‍സ്തയെ കേസില്‍ പ്രതി ചേര്‍ത്തത്. വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ ഒരു ശൃംഖല ഗൗരി ലങ്കേഷിനെ പിന്തുടരുന്നുണ്ടായിരുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഇത്. അഞ്ച് വര്‍ഷത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ വെളിപ്പെടുത്തിയിരുന്നു.

2017 സെപ്തംബര്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ വീടിന് മുന്നില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. സനാതന്‍ സന്‍സ്ത,, ഹിന്ദു ജനജാഗ്രതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more