| Saturday, 19th December 2020, 4:57 pm

കെ.സി വേണുഗോപാല്‍ സംഘടനാകാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്ത കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ നിന്നും വീണ്ടും രാജി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍.എസ്.യു.ഐ) ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രുചി ഗുപ്ത സ്ഥാനം രാജിവെച്ചു.

സംഘടനാപരമായ മാറ്റങ്ങളില്‍ കാലതാമസമുണ്ടാകുന്നെന്നും ഇതിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കാരണമെന്നും രുചി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ദേശീയ സമിതി ഒരു വര്‍ഷവും മൂന്നുമാസവുമാണ് എടുത്തത്. മാസങ്ങളായി സംസ്ഥാന പ്രസിഡന്റുമാരുടെ കാര്യം തീര്‍പ്പാക്കാതെ കിടക്കുകയാണ്. പുതിയ പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാക്കുന്നതിനായി നിരവധി സംസ്ഥാന യൂണിറ്റുകള്‍ കാത്തിരിക്കുകയാണ്’, രുചി ഗുപ്ത രാജിക്കത്തില്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ കാലതാമസം സംഘടനയെ ദോഷകരമായി ബാധിക്കും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവര്‍ത്തിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും പാര്‍ട്ടിക്ക് കരുത്തനായ ഒരു നേതാവില്ലെങ്കില്‍ പാര്‍ട്ടി വീണ്ടും പലദിശകളിലേക്ക് സഞ്ചരിച്ചേക്കാമെന്നും രുചി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് മാത്രമേ അങ്ങനെയൊരു നേതാവാകാന്‍ സാധിക്കൂവെന്നും രുചി പറയുന്നു.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

സംഘടനയില്‍ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു. എ.ഐ.സി.സി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രക്രിയയില്‍ ഭാഗമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരളം, ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അതിന് മുന്‍പ് അധ്യക്ഷനെ തീരുമാനിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Key Rahul Gandhi appointee Ruchi Gupta quits Congress, blames KC Venugopal for delays

We use cookies to give you the best possible experience. Learn more