| Thursday, 12th September 2019, 4:52 pm

ജനാധിപത്യം അപകടത്തില്‍, പ്രതിസന്ധി ഭയാനകവുമെന്ന്‌ സോണിയ ഗാന്ധി; 'സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യം അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്നും അനുശാസനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും സോണിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

“ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിലെത്തിനില്‍ക്കുകയാണ്. അനുശാസങ്ങളെ ദുരുപയോഗം ചെയ്യുന്നതും നിന്ദിക്കുന്നതുമാണ് ഏറ്റവും അപകടകരമായ പുതിയ സമ്പ്രദായം. സ്വാതന്ത്ര്യസമര സേനാനികളുടെയും ഗാന്ധി, പട്ടേല്‍, അംബേദ്കര്‍ തുടങ്ങിയ നേതാക്കളുടെയും സന്ദേശങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്ന ഹീനമായ അജണ്ടയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസ് നിര്‍ബന്ധമായും ഇതിനെതിരെ നിലകൊള്ളേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസിന്റെ നിലവിലത്തെ ഇടപെടല്‍ മാത്രം പോര. അത് ശക്തമാക്കണം’, സോണിയ പറഞ്ഞു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. ‘സാമ്പത്തിക പ്രതിസന്ധി അതിന്റെ ഭയാനകമായ അവസ്ഥയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. നഷ്ടം ദിനംപ്രതി പെരുകി വരുന്നു. പൊതു ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ അവിടെ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നു’, സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും സോണിയ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരാ ജനകീയ വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണമെന്നും ദല്‍ഹിയില്‍ തുടരുന്ന നേതൃയോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഗംഭീരമായി നടത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.ഗാന്ധി ജയന്തി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ തങ്ങളുടെ സ്വന്തം പരിപാടിയായി ഏറ്റെടുത്ത് നടത്താനുള്ള ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ക്ക് തടയിടാനാണ് കോണ്‍ഗ്രസ് ശക്തമായി ശ്രമിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more