പെഷവാര്‍: പെഷവാറിലെ സൈനിക സ്‌കൂളില്‍ കൂട്ടികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന തെഹ്‌രീകെ താലിബാന്‍ നേതാവ് സദ്ദാം കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. ഖൈബറിലെ ഗോത്ര മേഖലയായ ജംറൂദില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇയാളുടെ ആറ് അനുയായികളെയും പരിക്കുകളോടെ സൈന്യം പിടികൂടിയെന്നും ഖൈബറിലെ ഔദ്യോഗിക വക്താവ് ഷഹാബ് അലി ഷാ പറഞ്ഞു.
കഴിഞ്ഞയാഴ്ച പെഷവാറില്‍ കുട്ടികളെ കൂട്ടക്കുരുതി നടത്തിയതിന് പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നും അലി ഷാ പറഞ്ഞു. നേരത്തെ ഖൈബര്‍ മേഖലയില്‍ പതിനൊന്ന് സുരക്ഷ ഉദ്യേഗസ്ഥരെ വധിച്ച സംഭവത്തിലും മുഖ്യ ആസൂത്രണം നിര്‍വഹിച്ചിരുന്നത സദ്ദാമായിരുന്നു.പിടിയിലായവരെ സൈന്യം ചോദ്യം ചെയ്ത് വരികയാണ്.നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഇയാള്‍ പാക് താലിബാന്റെ മുതിര്‍ന്ന കമാണ്ടറാണ്.
ഡിസംബര്‍ 16 ന് സൈനിക സ്‌കൂളിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താലിബാനെതിരെ പാകിസ്ഥാന്‍ ഭരണകൂടം കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നിരുന്നത്. അക്രമണത്തില്‍ 150ഓളം പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് തീവ്രവാദികളുടെ വധ ശിക്ഷയിലെ ഇളവ് നീക്കലുള്‍പടെ നിരവധി കടുത്ത തീരുമാനങ്ങളാണ് എടുത്തിരുന്നത്.