ഗോധ്ര കൂട്ടക്കൊല; മുഖ്യപ്രതി 14 വര്‍ഷത്തിനു ശേഷം പിടിയില്‍
Daily News
ഗോധ്ര കൂട്ടക്കൊല; മുഖ്യപ്രതി 14 വര്‍ഷത്തിനു ശേഷം പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2016, 4:40 pm

Godhra-sabarmati-Express-S6

അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീയിടുകയും 59 പേര്‍ കൊല്ലപ്പെടുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഫറൂഖ് ബന്ന 14 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. സെന്‍ട്രല്‍ ഗുജറാത്തിലെ കലോല്‍ ടോള്‍ നക്കയ്ക്ക് സമീപത്തുവച്ചാണ് ഇയാളെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് പിടികൂടിയത്. 30 പേരാണ് ഗോധ്രാ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതികള്‍. ബന്നയുള്‍പ്പെടെ ആറു പേര്‍ ഒളിവിലായിരുന്നു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകരെയാണ് ആക്രമിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്‍പ് 2002 ഫെബ്രുവരി 27ന് മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ ഫറൂഖ് ബന്നയുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സംഘം ഗോധ്രയിലെ ഗസ്റ്റ്ഹൗസില്‍വച്ച് യോഗം ചേര്‍ന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

ഗോധ്ര സ്റ്റേഷനില്‍വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ക്ക് അക്രമിസംഘം തീയിട്ടു. 59 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഗോധ്ര ആക്രമണം ഗുജറാത്തില്‍ വലിയ വര്‍ഗീയകലാപത്തിന് വഴിതെളിച്ചു. 1100 പേരാണ് പിന്നീടുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.
ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് നിയമിച്ച യു. സി. ബാനര്‍ജി കമ്മിഷന്‍ ട്രെയിനിലെ തീപിടിത്തം ആക്‌സ്മികമായി സംഭവിച്ചതാണെന്ന റിപ്പോര്‍ട്ടാണു നല്‍കിയതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജി.ടി. നാനാവതി അക്ഷയ മേത്ത കമ്മിഷന്‍ അത് ആസൂത്രിതമാണെന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്.