ഖാര്‍ത്തൂം: കൊക്കകോളയുടെയും പെപ്‌സിയുടെയും പ്രധാനപ്പെട്ട ഒരു ചേരുവ സുഡാനിലെ ആര്‍.എസ്.എഫ് അര്‍ധസൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ട്. സുഡാനില്‍ നിന്നുള്ള അന്താരാഷ്ട്ര വിതരണത്തിന്റെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്നത് ആര്‍.എസ്.എഫാണ്.
ഇത്തരത്തില്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം അക്കേഷ്യ മരങ്ങളുടെ നീരില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന എമല്‍സിഫയറായ ഗം അറബിക്കാണ്. ഇത് കൊക്കകോളയുടെയും പെപ്‌സിയുടെയും പ്രധാന ചേരുവയാണ്.
കൂടാതെ നിരവധി സോഫ്റ്റ് ഡ്രിങ്കുകളിലും സോപ്പുകളിലും മരുന്നുകളിലും മധുരപലഹാരങ്ങളിലും സൗന്ദര്യ വര്‍ധകവസ്തുക്കളിലും ജൈവ ഉത്പന്നമായ ഈ ഗം അറബിക് ഉപയോഗിക്കുന്നുണ്ട്.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, അന്താരാഷ്ട്ര തലത്തിലെ അക്കേഷ്യ മരങ്ങളുടെ വിതരണം 70 ശതമാനവും സുഡാനില്‍ നിന്നാണ്. തെക്കന്‍ സുഡാനിലെ പ്രദേശങ്ങളില്‍ 200,000 ചതുരശ്ര മൈല്‍ വിസ്തൃതിയിലായി അക്കേഷ്യ മരങ്ങള്‍ വളര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രദേശങ്ങള്‍ പൂര്‍ണമായും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ സുഡാനിലെ തുറമുഖങ്ങളിലേക്ക് കയറ്റുമതി ഉത്പന്നങ്ങള്‍ അടങ്ങുന്ന ട്രക്കുകളെ കടത്തിവിടാന്‍ ഡോളര്‍ കണക്കിന് പണമാണ് വിതരണക്കാരായ കമ്പനികളില്‍ നിന്ന് ആര്‍.എസ്.എഫ് ഈടാക്കുന്നത്. സുഡാനിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിതരണക്കാരില്‍ ഒന്നായ അഫ്രീടെക്കിന്റെ ഉടമസ്ഥതയിലുള്ള ഹിഷാം സാലിഹ് യാഗൂബില്‍ നിന്ന് ഒരു ട്രക്കിന് ആര്‍.എസ്.എഫ് ഈടാക്കുന്നത് 2500 ഡോളര്‍ രൂപയാണ്.
പണം നല്‍കാത്തപക്ഷം ട്രക്കുകളിലുള്ള ഉത്പന്നങ്ങളുടെ ഒരു ഭാഗം ആര്‍.എസ്.എഫ് സൈനികര്‍ തട്ടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിതരണക്കാരെ ദുരിതത്തിലാഴ്ത്തുകയും സുഡാന്റെ വിദേശകയറ്റുമതിയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
2023 ഏപ്രില്‍ മുതല്‍ സുഡാന്‍ ആര്‍.എസ്.എഫും സുഡാനീസ് സായുധ സേനയും തമ്മിലുള്ള ആഭ്യന്തര കലാപത്തില്‍ പൊറുതിമുട്ടുകയാണ്. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഏകദേശം 12.5 ദശലക്ഷം സുഡാനീസ് പൗരന്മാര്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തു. ആഭ്യന്തര കലാപവും സുഡാന്റെ സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും മോദമായി ബാധിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് കൊക്കകോളയുടെയും പെപ്‌സിയുടെയും ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. അതേസമയം പശ്ചിമേഷ്യയിലുടനീളം കൊക്കകോളയും പെപ്‌സിയും വ്യാപകമായി ബഹിഷ്‌കരണം നേരിട്ടിട്ടുണ്ട്. 2024ന്റെ ആദ്യപകുതിയില്‍ പ്രസ്തുത ബ്രാന്‍ഡുകള്‍ വിപണയില്‍ ഏഴ് ശതമാനം ഇടിവും നേരിട്ടിരുന്നു.
Content Highlight: Key Coca-Cola and Pepsi ingredient controlled by RSF paramilitary in Sudan, report