| Wednesday, 2nd June 2021, 6:20 pm

യു.പിയില്‍ പരാജയഭീതിയില്‍ ബി.ജെ.പി; യോഗി സര്‍ക്കാരിനെ പുന:സംഘടിപ്പിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാന്‍ യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യോഗി ആദിത്യനാഥിനെ മാറ്റാന്‍ സാധ്യതയില്ല. ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പിന്തുണയും ആദിത്യനാഥിനുണ്ട്.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സംഘടനാ ചുമതലയുള്ള രാധാ മോഹന്‍സിംഗും ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും രണ്ട് ദിവസം യു.പിയിലുണ്ടായിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ എങ്ങനെയും പാര്‍ട്ടി വിജയിപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബി.ജെ.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയുള്ള ആരോപണങ്ങള്‍ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗംഗാ നദിയില്‍ മൃതദേഹമടിഞ്ഞതുള്‍പ്പെടെ കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍.

കൊവിഡ് പ്രതിസന്ധി പാര്‍ട്ടിയുടെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചെന്ന് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യോഗം ദല്‍ഹിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം കൊടുത്തതില്‍ ജനങ്ങള്‍ക്ക് ഉള്ളില്‍ നന്ദി തോന്നണമെന്നും അത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Key Changes Likely In UP Cabinet, But Yogi Undisputed Leader

Latest Stories

We use cookies to give you the best possible experience. Learn more