ന്യൂദല്‍ഹി: 26/11 മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന അബു ഹംസയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇന്ദിര ഗാന്ധി അന്തര്‍ദേശീയ എയര്‍പോട്ടില്‍ വെച്ചാണ് ഹംസയെ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തിയത്. മുംബൈ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവാകും ഹംസയുടെ അറസ്റ്റ് എന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ മുജാഹിദ് തീവ്രവാദിയാണ് ഹംസയെന്നാണ് സംശയിക്കുന്നത്. ഇന്ത്യന്‍ പൗരനായ ഹംസ പാക്കിസ്ഥാനിലെത്തി മുംബൈ സ്‌ഫോടനത്തില്‍ പങ്കെടുക്കാനുള്ള ആളുകള്‍ക്ക് പരിശീലനം നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
2009ല്‍ ഹംസയ്‌ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2005ല്‍ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ലഷ്‌കറിന്റെ ഇന്ത്യന്‍ വിദഗ്ധനാണ് ഹംസയെന്നാണ് ലഷ്‌കര്‍ ഇ-ത്വയ്ബ നേതാവ് ഡേവിഡ് കോള്‍മേന്‍ ഹെഡ്‌ലി പറഞ്ഞത്.
ഇയാള്‍ക്ക് സയ്യിദ് സബിയുദ്ദീന്‍, സാബി അന്‍സാരി, റിയാസത്ത് അലി എന്നീ പേരുകളുണ്ട്. ഇയാളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന ആക്രമണത്തില്‍ 25 വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. കൊളാബയിലെ “ലിയോപോള്‍ഡ് കഫെ”യില്‍ വെടിവെക്കാന്‍ ആരംഭിച്ച ഭീകരര്‍ പിന്നീട് സി.എസ്.ടി റെയില്‍വേ സ്‌റ്റേഷന്‍, താജ് ഹോട്ടല്‍, ഒബ്‌റോയ്, നരിമാന്‍ ഹൗസ് എന്നിവിടങ്ങളിലും വെടിവെപ്പു നടത്തി. 59 മണിക്കൂറുകള്‍കൊണ്ടാണ് ദേശീയ സുരക്ഷാസേന ഭീകരരെ വധിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. ആക്രമണം നടത്തിയ പത്തു പാക്ഭീകരരില്‍ ജീവനോടെ പിടിയിലായ ഏക വ്യക്തി അജ്മല്‍ കസബാണ്. കസബിന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.