| Thursday, 4th June 2020, 6:55 pm

'കറുത്തവനായ ഞാന്‍ ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു, എനിക്കൊരു നല്ല കാറും, അതോടെ ഞാന്‍ അവര്‍ക്ക് ക്രിമിനലായി'; പൊലീസ് തടഞ്ഞ അനുഭവം പങ്കുവെച്ച് ഫുട്‌ബോള്‍ താരം ബോട്ടെങ്

സ്പോര്‍ട്സ് ഡെസ്‌ക്

കറുത്ത വര്‍ഗക്കാരനായതുകൊണ്ട് മാത്രം പൊലീസിന്റെ ക്രൂരതകള്‍ ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഘാനയില്‍നിന്നുള്ള മുന്‍ ബാഴ്‌സിലോണ മിഡ് ഫീല്‍ഡര്‍ കെവിന്‍ പ്രിന്‌സ് ബോട്ടങ്. കറുത്തവനായ താന്‍ ടാറ്റൂ ചെയ്തിരുന്നതുകൊണ്ടും കറുത്തവനായ തനിക്ക് ഒരു നല്ല കാറുണ്ടായിരുന്നതുകൊണ്ടും മാത്രം പൊലീസ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ പൊലീസ് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് പിന്നാലെയാണ് ബോട്ടങിന്റെ വെളിപ്പെടുത്തല്‍. ‘യൂറോപ്പിലെ വംശീയത മറഞ്ഞിരിക്കുകയാണ്. ആളുകളത് മറച്ചുവെക്കുന്നു. ആരുമത് വിളിച്ചുപറയുന്നില്ല. ഒരുപാടാളുകള്‍ ഒന്നിച്ച് വരുമ്പോഴാണ് അവര്‍ക്കത് ഉറക്കെ വിളിച്ചുപറയാനുള്ള ആത്മവിശ്വാസം ലഭിക്കുന്നത്’, ബോട്ടങ് പറഞ്ഞു.

‘ഞാന്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ വഴിമാറി നടക്കുമായിരുന്നു. ഞാന്‍ എന്റെ കാറോടിക്കുമ്പോള്‍ അവരെന്നെ കോമാളിയെപ്പോലെ നോക്കും. ഒരു കാരണവുമില്ലാതെ പൊലീസ് എന്റെ വണ്ടി തടയും. ഇത് ഒരുപാട് തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കറുത്തവനായ ഞാന്‍ ടാറ്റൂ ചെയ്ത് നല്ല കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് ഞാനൊരു ക്രിമിനലാണ് എന്നാണ്’, ബോട്ടങ് വിവരിക്കുന്നു.

‘എന്റെ ജീവിതം മൊത്തം ഞാന്‍ മാറ്റിവെച്ചത് ഫുട്‌ബോളര്‍ ആവാന്‍ വേണ്ടിയാണ്, പക്ഷേ, ഞാന്‍ കാണാന്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കിയല്ലേ നിങ്ങളെന്നെ വിലയിരുത്തുന്നത്? ഞാന്‍ വളര്‍ന്നുവന്ന കാലത്ത് ഇത് ഇപ്പോഴുള്ളതിനേക്കാള്‍ മോശമായിരുന്നു’ അദ്ദേഹം പറഞ്ഞു.

മത്സരങ്ങള്‍ക്കിടെ ഫുട്‌ബോള്‍ കാണികളില്‍നിന്ന് ലഭിച്ച വംശീയ അധിക്ഷേപത്തെക്കുറിച്ചും ബോട്ടങ് പങ്കുവെച്ചു. 2013 ല്‍ ഇറ്റലിയില്‍ എസി മിലാനുമായി നടന്ന സൗഹൃദ മത്സരത്തിനിടെയുണ്ടായ വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് കെവിന്‍ പ്രിന്‍സ് ബോട്ടെങ് പ്രതിഷേധിച്ച് കളിക്കളത്തില്‍നിന്നും ഇറങ്ങിപ്പോയിരുന്നു.

‘നേടുന്ന ഒരോ സ്‌കോറിനും ഓരോ പഴം വീതം എറിഞ്ഞ് കുരങ്ങാ എന്ന് വിളിക്കും. ഒരു പെട്ടിയിലാക്കി മടക്കി അയക്കുമെന്ന് വിളിച്ചുപറയും. വെള്ളം ദേഹത്തേക്കെറിഞ്ഞ് വൃത്തികേട് കഴുകിക്കളയൂ എന്ന് അലറും’, കെവിന്‍ പ്രിന്‍സ് ബോട്ടങ് പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പുമാരെ ആലോചിച്ചുള്ള പേടികൊണ്ടാണ് കളിക്കാരാരും വംശീയതയെക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more