'കോഹ്‌ലി ഒരു മോണ്‍സ്റ്ററാണ്'; ഇംഗ്ലണ്ട് സൂപ്പര്‍താരം
Cricket
'കോഹ്‌ലി ഒരു മോണ്‍സ്റ്ററാണ്'; ഇംഗ്ലണ്ട് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 9:54 pm

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍താരമായ വിരാട് കോഹ്‌ലി കടന്നുപോകുന്നത്.. സെഞ്ച്വറി മെഷീന്‍ എന്നറിയപ്പെടുന്ന വിരാട് തന്റെ അവസാന സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷത്തോളമായി.

2019 ബെംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി സെഞ്ച്വറി നേടിയത്. അതിന് ശേഷം ഒരു സെഞ്ച്വറി നേടിയില്ലെന്ന് മാത്രമല്ല താരത്തിന്റെ ബാറ്റില്‍ നിന്നും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ പോലും വരുന്നില്ല എന്നതാണ് ഇന്ത്യയെ ബാധിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ അഞ്ചാം മത്സരത്തില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് വിരാടെത്തിയത്. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും താരം പരാജയമാകുകയായിരുന്നു. ഇതിന് പുറമെ വിരാടിനെ ടീമില്‍ നിന്നും മാറ്റണമെന്ന ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്.

എന്നാല്‍ വിരാടിനെ മാറ്റുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല എന്നാണ് മുന്‍ ഇംഗ്ലണ്ട് ബാറ്റിങ് സൂപ്പര്‍താരം കെവിന്‍ പിറ്റേഴ്‌സണിന്റെ അഭിപ്രായം. നിലവില്‍ താരം ഫോമൗട്ടാണെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്നാണ് പിറ്റേഴ്‌സണ്‍ വിശ്വസിക്കുന്നത്.

വിരാട് ബ്രാന്‍ഡ് ആണെന്നും അദ്ദേഹമൊരു മോണ്‍സ്റ്ററുമാണെന്നാണ് കെ.പിയുടെ അഭിപ്രായം.

‘വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാണ്. അവന്‍ ഒരു മോണ്‍സ്റ്ററാണ്,’ പിറ്റേഴ്‌സണ്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ നിലവിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് വിരാട് കോഹ്‌ലി. അദ്ദേഹത്തിന്റെ ഒരു നല്ല ഇന്നിങ്‌സിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ കുറച്ചൊന്നുമല്ല.

ഫോമൗട്ടാണെങ്കിലും ശരാശരി പ്രകടനം വിരാട് നടത്താറുണ്ട്. എന്നാല്‍ താരം ഉണ്ടാക്കിവെച്ചിരക്കുന്ന സ്റ്റാന്‍ഡേര്‍ഡിനോട് കിടപിടിക്കാനുള്ള പ്രകടനം ഇപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ഉണ്ടാകാറില്ല.

എങ്കിലും ഇനി വരുന്ന പരമ്പരകളില്‍ അദ്ദേഹം പഴയ ഫോം വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ് ആരാധകരും ക്രിക്കറ്റ് ലോകവും പ്രതീക്ഷിക്കുന്നത്.

Content Highlights: Kevin pieterson says Virat kohli is a Monster