Sports News
സഞ്ജു വളരെ മികച്ച ബാറ്ററാണ്, അവന്‍ റണ്‍സ് നേടുമെന്ന് എനിക്കുറപ്പുണ്ട്: തുറന്ന് പറഞ്ഞ് കെവിന്‍ പീറ്റേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 30, 02:26 am
Thursday, 30th January 2025, 7:56 am

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി-20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ്‍ ആരാധകരെ നിരാശയിലാഴ്ത്തിയാണ് മടങ്ങിയത്. ആറ് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.

മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ഈ പരമ്പരയില്‍ ഇത് മൂന്നാം തവണയാണ് സഞ്ജു ആര്‍ച്ചറിന്റെ പന്തില്‍ പുറത്താകുന്നത്.

ഇതോടെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ സഞ്ജുവിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരത്തില്‍ ഫോം നഷ്ടപ്പെട്ടെന്ന് കരുതി സഞ്ജുവിനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത്.

‘അവന്‍ ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു, ഒരു ബാറ്റര്‍ എന്ന നിലയില്‍ എനിക്ക് അവനെ വളരെ ഇഷ്ടമാണ്. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എനിക്ക് അദ്ദേഹത്തിന്റെ കളിയേയും ടെക്‌നിക്‌സിനെയും ചോദ്യം ചെയ്യാന്‍ കഴിയില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ പരമ്പരയില്‍ അവന്‍ എന്താണ് ചെയ്തതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവന്‍ ഷോട്ടുകള്‍ക്ക് പോകാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്വതന്ത്ര ബാറ്ററാണ്.

നിങ്ങളുടെ കരിയറില്‍ അത്തരം നിമിഷങ്ങള്‍ നിങ്ങള്‍ക്ക് നേരിടാം. ചിലത് നിങ്ങള്‍ വിജയിക്കും, ചിലതില്‍ തോല്‍ക്കും. അവന്‍ സ്ഥിരമായി മികച്ച പ്രകടനം നടത്തിയിരുന്നു. ആറ് മാസത്തേക്ക് സഞ്ജു പരാജയപ്പെട്ടാല്‍ ഞാന്‍ അവന്റെ സാങ്കേതികതയെ ചോദ്യം ചെയ്യും. സാംസണ്‍ വളരെ മികച്ച ബാറ്ററാണ്, അവന്‍ റണ്‍സ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 20 പന്തില്‍ നിന്ന് 26 റണ്‍സും രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ നിന്ന് അഞ്ച് റണ്‍സുമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാമത്തെ ടി-20 മത്സരം ജനുവരി 31ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ സഞ്ജു തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Kevin Pietersen Talking About Sanju Samson