2025 ഐ.പി.എല്‍ മെഗാലേലത്തില്‍ ഒരു ഫ്രാഞ്ചൈസികളും തെരെഞ്ഞെടുക്കാത്ത താരമാണ് പൃഥ്വി ഷാ. 2018ല്‍ ഐ.പി.എല്ലില്‍ എത്തിയ താരം തന്റെ കരിയറില്‍ 79 മത്സരങ്ങളില്‍ നിന്ന് 1892 റണ്‍സ് നേടിയിട്ടുണ്ട്. 23.95 ആവറേജും 147.47 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന ഷായെ 1.2 കോടി രൂപയ്ക്കായിരുന്നു 2018ല്‍ ടീം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനവും ഫിറ്റ്നസ് അഭാവവും താരത്തിന്റെ ഫോം പാടെ മങ്ങിച്ചു. ഇതോടെ 2025 ഐ.പി.എല്ലിന് മുന്നോടിയായി ആരും താരത്തെ വാങ്ങാതെ പോയി.
മതിയായ പരിശീലനമില്ലാത്തതിനാല്‍ താരത്തെ കഴിഞ്ഞ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോള്‍ പൃഥ്വി ഷായ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍.
‘ഏറ്റവും മികച്ച കായിക കഥകളില്‍ ചിലത് കംബാക്ക് സ്റ്റോറികളാണ്. പൃഥ്വി ഷായുടെ ദീര്‍ഘകാല വിജയത്തില്‍ ശ്രദ്ധിക്കുന്ന നല്ല ആളുകള്‍ അവന് ചുറ്റും ഉണ്ടെങ്കില്‍, അവര്‍ അവനോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കാന്‍ പറയുകയും സൂപ്പര്‍ ഫിറ്റ്‌നസ് നേടുന്നതിന് പരിശീലനം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. അവന്‍ നേടിയ വിജയങ്ങള്‍ തിരികെ കിട്ടുന്നപോലെ ശരിയായ പാതയിലേക്ക് അവന്‍ വരണം. എല്ലാം വലിച്ചെറിയാന്‍ കഴിവുള്ളവനാണവന്‍, ലവ്, കെ.പി,’ കെവിന്‍ പീറ്റേഴ്‌സന്‍ എക്സില്‍ എഴുതി.
മോശം ഫോമിനേയും ഫിറ്റ്‌നസിനേയും തുടര്‍ന്ന് പൃഥ്വി ഷാ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഐ.പി.എല്‍ മെഗാ ലേലത്തില്‍ 75 ലക്ഷം അടിസ്ഥാനവിലയുള്ള പൃഥ്വിയെ ഒരു ടീമും സ്വന്തമാക്കാത്തതില്‍ അവന്‍ ലജ്ജിക്കണമെന്നുമാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്.
Content Highlight: Kevin Pietersen Talking About Prithvi shaw