| Monday, 11th April 2016, 11:29 am

സൗത്ത് ആഫ്രിക്കന്‍ ടീമിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങി കെവിന്‍ പീറ്റേഴ്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ കെവിന്‍ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്.

എന്നാല്‍ മടങ്ങിവരവ് പഴയപോലെ ഇംഗ്ലണ്ട് ടീമിലൂടെയല്ല മറിച്ച് തന്റെ ജന്മദേശമായ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടിയായിരിക്കുമെന്നാണ് അറിയുന്നത്. 2013-14 ആഷസ് മത്സരത്തിന് ശേഷമാണ് കെവിന്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നും വിടവാങ്ങുന്നത്.

2018 ഓടെ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് പീറ്റേഴ്‌സണ്‍ എന്നാണ് അറിയുന്നത്. എന്നാല്‍ അതിന് ഒരു വര്‍ഷം കെവിന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

സൗത്ത് ആഫ്രിക്കന്‍ ടീമിനൊപ്പം ചേരുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് ഒരുപക്ഷേ നടക്കാം, അല്ലെങ്കില്‍ നടക്കാതിരിക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റ് എനിക്ക് വല്ലാതെ നഷ്ടമാകുന്നുണ്ട്.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തുക എന്നതാണ് താന്‍ ഇപ്പോള്‍ കാണുന്ന ഏറ്റവും വലിയ സ്വപ്‌നമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.

ഒരു സീസണിന്റെ ഇടവേളയ്ക്ക് ശേഷമാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്.  ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റൈസിംഗ് പൂണെയിലൂടെയാണ് കെവിന്‍ ഐ.പി.എല്ലില്‍ തിരിച്ചെത്തിയത്.

We use cookies to give you the best possible experience. Learn more