കെ.എല്‍. രാഹുലിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ ബോറ് പരിപാടി വേറെ ഒന്നുമില്ല; തുറന്നടിച്ച് ഇംഗ്ലീഷ് ഇതിഹാസം
IPL
കെ.എല്‍. രാഹുലിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ ബോറ് പരിപാടി വേറെ ഒന്നുമില്ല; തുറന്നടിച്ച് ഇംഗ്ലീഷ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th April 2023, 8:04 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ തോല്‍വി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് നേടിയത്. ഓപ്പണര്‍ കൈല്‍ മയേഴ്‌സിന്റെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും ഇന്നിങ്‌സാണ് രാജസ്ഥാന് തോല്‍വി സമ്മാനിച്ചത്.

മയേഴ്‌സ് 42 പന്തില്‍ നിന്നും 51 റണ്‍സും കെ.എല്‍. രാഹുല്‍ 32 പന്തില്‍ 39 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും എല്‍.എസ്.ജി ഉയര്‍ത്തിയ വിജയലക്ഷ്യം മാത്രം മറികടക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനേ രാജസ്ഥാന് സാധിച്ചിരുന്നുള്ളൂ.

റോയല്‍സിനായി യശസ്വി ജെയസ്വാള്‍ 44ഉം ജോസ് ബട്‌ലര്‍ 40ഉം റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്റെ വിജയഫോര്‍മുലയായ സഞ്ജുവും ഹെറ്റ്‌മെയറും പരാജയപ്പെട്ടതും തോല്‍വിയുടെ ആഘാതമേറ്റി.

അതേസമയം, മത്സരത്തിന്റെ കമന്ററിക്കിടെ സൂപ്പര്‍ താരവും ഇംഗ്ലീഷ് ലെജന്‍ഡുമായ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. പവര്‍പ്ലേയില്‍ കെ.എല്‍. രാഹുലിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ ബോറായി ഒന്നും തന്നെ തനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു പീറ്റേഴ്‌സണ്‍ പറഞ്ഞത്. മത്സരത്തിനിടെ ലൈവായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

 

ടി-20യില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കൂടുതല്‍ പന്തുകള്‍ നേരിട്ട് സെന്‍സിബിളായി കളിക്കുന്ന താരമാണ് കെ.എല്‍. രാഹുല്‍. താരത്തിന്റെ മെല്ലെപ്പോക്ക് പല തവണ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ടീമിന്റെ നേട്ടത്തെക്കാളേറെ സ്വന്തം നേട്ടങ്ങള്‍ക്ക് മാത്രം വില കല്‍പിക്കുന്ന താരമെന്ന വിമര്‍ശനമാണ് രാഹുലിനെതിരെ പലപ്പോഴായി ഉയര്‍ന്നത്.

സീസണിലെ രാഹുലിന്റെ പ്രകടനവും പീറ്റേഴ്‌സണിന്റെ വാക്കുകള്‍ സാധൂകരിക്കുന്നതാണ്. 8 (12), 20 (18), 35 (31), 18 (20), 74 (56), 39 (32) എന്നിങ്ങനെയാണ് രാഹുലിന്റെ സീസണിലെ പ്രകടനം.

ആറ് മത്സരത്തില്‍ നിന്നും 194 റണ്‍സ് നേടിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് ഏതൊരു ടി-20 ആരാധകനെയും നിരാശപ്പെടുത്തുന്നതാണ്. 114.79 എന്ന സ്‌ട്രൈക്ക് റേറ്റാണ് രാഹുലിനുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11ാം സ്ഥാനത്തുണ്ടെങ്കിലും ആദ്യ 25ലെ ഏറ്റവും മോശം പ്രഹരശേഷിയാണ് രാഹുലിന്റേത്.

വരും മത്സരങ്ങളിലെങ്കിലും രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

 

Content highlight: Kevin Pietersen slams KL Rahul