ഐ.പി.എല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. റോയല്‍ ചലഞ്ചേഴ്‌സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനുമൊപ്പം മികച്ച പല മൊമെന്റുകളും ഐ.പി.എല്ലില്‍ താരം സമ്മാനിച്ചിരുന്നു. എന്നാല്‍ 2017ല്‍ ധോണിയുമായുള്ള കൊടുക്കല്‍ വാങ്ങലുകളായിരുന്നു ഇക്കൂട്ടത്തിലെ ഹൈലൈറ്റ്.
ഐ.പി.എല്ലില്‍ നിന്നും വിരമിച്ച ശേഷം കമന്ററി ബോക്‌സിലെ പീറ്റേഴ്‌സണും ഗ്രൗണ്ടിലുള്ള ധോണിയും തമ്മിലുള്ള റൈവല്‍റിക്ക് തുടക്കമായത്. 2017ല്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം കളിക്കുന്ന കാലത്താണ് സംഭവങ്ങളുടെ തുടക്കം.
കമന്ററി ബോക്‌സിലുണ്ടായിരുന്ന പീറ്റേഴ്‌സണ്‍ താനാണ് ധോണിയെക്കാള്‍ മികച്ച ഗോള്‍ഫ് കളിക്കാരന്‍ എന്ന് പറഞ്ഞിരുന്നു. ഇത് ധോണിയോട് പറയാനായി മനോജ് തിവാരിയെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ‘നീ തന്നെയാണ് ഇപ്പോഴും എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ്’ എന്ന മറുപടിയാണ് തമാശപൂര്‍വം ധോണി നല്‍കിയത്.
എന്നാല്‍ അതില്‍ തിരുത്തുണ്ടെന്നാണ് പീറ്റേഴ്‌സണ്‍ ഇപ്പോള്‍ പറയുന്നത്. ധോണിയുടെ വാദം തെറ്റാണെന്നും ധോണിക്ക് തന്നെ പുറത്താക്കാന്‍ സാധിച്ചില്ലെന്നുമാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. അത് വെറുതെ പറയുക മാത്രമല്ല വീഡിയോ സഹിതെ തെളിവ് നിരത്തിയാണ് പീറ്റേഴ്‌സണ്‍ തന്റെ വാദത്തെ സാധൂകരിക്കുന്നത്.
2011ല്‍ നടന്ന മത്സരത്തില്‍ ധോണിയെറിഞ്ഞ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായെന്നായിരുന്നു അമ്പയര്‍ വിധിച്ചത്. എന്നാല്‍ അത് ഔട്ടെല്ലെന്ന് ഉറപ്പുണ്ടായിരുന്ന പീറ്റേഴ്‌സണ്‍ റിവ്യൂ എടുക്കുകയും വിധി തനിക്ക് അനുകൂലമാക്കുകയുമായിരുന്നു.
പിന്നാലെ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച പീറ്റേഴ്‌സണിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.
താന്‍ റിവ്യൂ എടുക്കുകയും ഔട്ടെല്ലെന്ന് വ്യക്തമാക്കുന്നതുമായ വീഡിയോ ആണ് പീറ്റേഴ്‌സണ്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെ താന്‍ ധോണിയെ ക്യാച്ചെടുത്ത് പുറത്താക്കിയ വീഡിയോയും പീറ്റേഴ്‌സണ്‍ തപ്പിയെടുത്ത് പങ്കുവെച്ചിരുന്നു. 2008ലെ ടെസ്റ്റ് മത്സരത്തിന്റെ വീഡിയോ ആണ് പീറ്റേഴ്‌സണ്‍ പങ്കുവെച്ചത്.
വിഷയത്തില്‍ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. ധോണി പീറ്റേഴ്‌സണ് ഏത് വിധത്തിലുള്ള മറുപടി നല്‍കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content highlight: Kevin Pietersen shares video of challenging umpires decision