വിരാട് കോഹ്ലിയെ ഡേവിഡ് ബെക്കാമുമായി താരതമ്യം ചെയ്യുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസവുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനേക്കാളും മികച്ച താരം വിരാട് ആണെന്നാണ് കെവിന്‍ പീറ്റേഴ്‌സ് പറയുന്നത്.
പ്രതീക്ഷിക്കുന്ന സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ വിരാട് കൈകാര്യം ചെയ്യുന്നുവെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. മറ്റു അത്‌ലെറ്റുകളുടെ കാര്യത്തില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് തന്റെ കരിയറില്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ വളരെ കാലമായി ഫുട്‌ബോള്‍ കവര്‍ ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമിന്റെ ഉയരത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം, എന്നാല്‍ അതിനെ ആയിരം കൊണ്ട് ഗുണിച്ചാല്‍ അതാണ് കോഹ്ലിയുടെ ഉയരം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എം.എസ്. ധോണി വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ത്യയില്‍ തികച്ചും വ്യത്യസ്തമാണ്,’കെവിന്‍ പീറ്റേഴ്‌സ് ടോക്ക് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
‘ബാറ്റ് ചെയ്യാനോ ഫീല്‍ഡ് ചെയ്യാനോ ഇറങ്ങുമ്പോള്‍ ഒരു ബില്യണ്‍ ആളുകളുടെ പ്രതീക്ഷയുടെ ഭാരം വിരാട് വഹിക്കുന്നുണ്ട്. അദ്ദേഹം അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വിരാടിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആരാധകരോട് അറിയിച്ചിരുന്നു.