ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച നാന്ദ്രേ ബര്‍ഗറിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. തനിക്ക് നാന്ദ്രേ ബര്‍ഗറിന്റ പേസ് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും അതിനേക്കാളേറെ താരത്തിന്റെ അഗ്രസ്സീവ് ആറ്റിറ്റ്യൂഡാണ് കൂടുതല്‍ ഇഷ്ടമായതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിവസത്തെ താരത്തിന്റെ പ്രകടനം വിലയിരുത്തിക്കൊണ്ടായിരുന്നു പീറ്റേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് പീറ്റേഴ്‌സണ്‍ ബര്‍ഗറിനെ പുകഴ്ത്തിയത്.
‘എനിക്ക് നാന്ദ്രേ ബര്‍ഗറിനെ ഇഷ്ടമായി. അവന്റെ പേസ് ഒരുപാട് ഇഷ്ടമായി. കളിക്കളത്തില്‍ പുഞ്ചിരിക്കാതിരിക്കുമ്പോള്‍ അവന്‍ കൂടുതല്‍ അഗ്രസ്സീവായി പന്തെറിയുന്നു, അതാണ് എനിക്ക് എല്ലാത്തിനേക്കാളേറെ ഇഷ്ടമായത്.
ഓരോ തവണയും ബാറ്റര്‍മാരെ നോക്കി പുഞ്ചരിക്കുന്നത് അവര്‍ക്ക് ചെറിയ തോതിലുള്ള വിജയം സമ്മാനിക്കും. വേഗത്തില്‍ പന്തെറിയൂ, ഇനിയും വേഗത്തില്‍ പന്തെറിയൂ, അധിക സമയത്തും ബാറ്റര്‍മാരെ നോക്കി പുഞ്ചിരിക്കാതിരിക്കൂ,’ പീറ്റേഴ്‌സണ്‍ കുറിച്ചു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് നേട്ടവുമായി നാന്ദ്രേ ബര്‍ഗര്‍ തിളങ്ങിയിരുന്നു. ആദ്യ ദിനം ലഞ്ചിന് മുമ്പ് തന്നെ രണ്ട് പ്രധാന വിക്കറ്റുകളാണ് ബര്‍ഗര്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ സഹായിച്ചുകൊണ്ടാണ് ബര്‍ഗര്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത്. കഗീസോ റബാദയുടെ പന്തില്‍ ബര്‍ഗറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
പിന്നാലെ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കി ബര്‍ഗര്‍ തന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റ് നേട്ടവും ആഘോഷമാക്കിയിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ബര്‍ഗര്‍ രാജസ്ഥാന്റെ മറ്റൊരു സൂപ്പര്‍ താരത്തെ പുറത്താക്കിയാണ് ആദ്യ റെഡ് ബോള്‍ വിക്കറ്റ് നേടിയത്. തൊട്ടുപിന്നാലെ ശുഭ്മന്‍ ഗില്ലിനെയും ബര്‍ഗര്‍ മടക്കിയിരുന്നു.
താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തിയിരുന്നു.
ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ 15 ഓവറാണ് ബര്‍ഗര്‍ പന്തെറിഞ്ഞത്. 3.33 എക്കോണമിയില്‍ 50 റണ്‍സാണ് ബര്‍ഗര്‍ വഴങ്ങിയത്. ആദ്യ ദിനം സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകളെറിഞ്ഞതും ബര്‍ഗര്‍ തന്നെ.
വരും മത്സരങ്ങളില്‍ താരത്തിന്റെ പ്രകടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content highlight: Kevin Pietersen praises Nandre Burger