| Friday, 9th November 2012, 12:53 am

പീറ്റേഴ്‌സണ്‍ വെല്ലുവിളിയാകും തീര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന താരം ഇംഗ്ലണ്ട് ടീമിന്റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ആകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.[]

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന് മുന്‍പുള്ള പരിശീലന മല്‍സരത്തില്‍ സെഞ്ച്വറി നേടിയാണ് പീറ്റേഴ്‌സണ്‍ തന്റെ വരവ് അറിയിച്ചത്. ഹരിയാന ബോളര്‍മാര്‍ തലങ്ങും വിലങ്ങും പായിച്ച പീറ്റേഴ്‌സണ്‍ വെറും 94 പന്തുകളില്‍ 16 ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 110 റണ്‍സെടുത്തു.

കെവിന്‍ പീറ്റേഴ്‌സണിന്റെ സെഞ്ച്വറിയുടെ മികവില്‍ ഒന്നാം ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 408 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്(97), ഓപ്പണര്‍ നിക്ക് കോംപ്ടണ്‍ (74), ഇയാന്‍ ബെല്‍(57 നോട്ടൗട്ട്) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.

സ്മിത്പട്ടേലാണ് (11) ബെല്ലിന് കൂട്ടായുള്ളത്. ഒന്നാം ടെസ്റ്റിന് മുമ്പ് നല്ലൊരു ബാറ്റിങ് പ്രാക്ടീസിന് കാത്തിരുന്ന ഇംഗ്ലണ്ട് താരങ്ങള്‍ ആശിച്ചപോലെ കാര്യങ്ങള്‍ നടന്നു. ഇതിന്റെ പ്രത്യാഘാതമെന്താണെന്ന് അടുത്തയാഴ്ചയറിയാം. ടെസ്റ്റ് തുടങ്ങും മുമ്പ് ഇംഗ്ലണ്ടിന് കിട്ടുന്ന അവസാന പരിശീലന മത്സരമാണിത്.

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ എതിര്‍ ടീമംഗങ്ങള്‍ക്ക് ടീം ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്നെക്കുറിച്ച് ഇമെയില്‍ സന്ദേശമയച്ചുവെന്ന ആരോപണത്തില്‍ പീറ്റേഴ്‌സണ് ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നഷ്ടമായിരുന്നു.

ഇതേത്തുടര്‍ന്ന് ട്വന്റി-20 ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ടീമില്‍ തിരിച്ചെത്തിയ പീറ്റേഴ്‌സണ്‍ ഉജ്ജ്വല ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആദ്യദിനം പുറത്തെടുത്തത്.

ഹരിയാനയുടേത് ദുര്‍ബലമായ ബൗളിങ്ങാണെന്ന് പറയാമെങ്കിലും അടുത്ത വ്യാഴാഴ്ച ഇതേ സ്‌റ്റേഡിയത്തില്‍ തുടങ്ങുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആത്മവിശ്വാസത്തോടെ ടീം ഇന്ത്യക്കെതിരെ ഇറങ്ങാന്‍ ഈ പ്രകടനം അവസരമേകും.

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഇത്തരമൊരു ബാറ്റിങ് പ്രാക്ടീസ് നല്‍കിയത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടതില്ല. പതിവുപോലെ സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിന് നഷ്ടമായ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

We use cookies to give you the best possible experience. Learn more