ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ‘
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും ബെംഗളൂരുവിന് ഐ.പി.എല്‍ കിരീടം നേടാനാവാതെ പടിയിറങ്ങേണ്ടി വന്നു. സീസണില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു മത്സരം മാത്രം വിജയിച്ച റോയല്‍ ചലഞ്ചേഴ്സ് പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.
തോല്‍വിക്ക് പിന്നാലെ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. കോഹ്‌ലിക്ക് കിരീടം നേടണമെങ്കില്‍ ആര്‍.സി.ബി ടീം വിടണം എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്.
‘മറ്റു കായികരംഗത്തെ പല ഇതിഹാസതാരങ്ങളും അവരുടെ ടീമുകളുടെ മഹത്വം പിന്തുടരുന്നത് ഉപേക്ഷിച്ചിട്ടുണ്ട്. അതുപോലെതന്നെ വിരാട് കോഹ്‌ലി അസാധാരണമായ രീതിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി. വിരാട് ഒന്നിലധികം തവണ ഓറഞ്ച് ക്യാപ്പ് നേടി. എന്നിട്ടും അദ്ദേഹത്തിന്റെ ടീം മോശം പ്രകടനമാണ് നടത്തുന്നത്. ബെംഗളൂരു എന്ന ടീമിലേക്ക് കൊണ്ടുവരുന്ന സ്റ്റാര്‍ പവര്‍ വളരെ വലുതാണ്.
എന്നാല്‍ വിരാട് ട്രോഫി നേടുന്ന ഒരു ടീമിനോടൊപ്പം കളിക്കാന്‍ അര്‍ഹനാണ്. അവന്‍ കിരീടത്തിന് വേണ്ടി വളരെ കഠിനമായി ശ്രമിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം അതുകൊണ്ടുതന്നെ ട്രോഫി നേടിയ ഒരു ടീമിന് കളിക്കാനുള്ള അവകാശം കോഹ്‌ലിക്കുണ്ട്,’ കെവിന്‍ പീറ്റേഴ്‌സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
കോഹ്‌ലി ദല്‍ഹിയിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കണം. ഒരു ദല്‍ഹി സ്വദേശി എന്ന നിലയില്‍ കോഹ്‌ലി അവിടേക്ക് തിരികെ പോകുന്നതില്‍ വളരെയധികം അര്‍ത്ഥമുണ്ട്. ഫുട്‌ബോള്‍ താരങ്ങളായ റൊണാള്‍ഡോ, മെസി, ഹാരി കെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ക്ലബ്ബുകളില്‍ നിന്നും മറ്റു പല ക്ലബ്ബുകളിലേക്കും പോയിട്ടുണ്ട്. അതുപോലെ വിരാടും തന്റെ ഭാവിയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ട ഒരു സമയമാണിത്,’ മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Kevin Peterson talks about Virat Kohli