| Wednesday, 4th July 2018, 8:35 pm

മനോരോഗിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും; കെവിനെ തട്ടികൊണ്ട് പോയത് മുതലുള്ള സംഭവം അമ്മയ്ക്കറിയാമെന്നും കെവിന്റെ ഭാര്യ നീനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമം നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ ഭാര്യ നീനു. തന്റെ അമ്മ രഹ്ന പറയുന്നത് നുണയാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള കാര്യങ്ങളെല്ലാം അമ്മയ്ക്കറിയാമെന്നും നീനു വെളിപ്പെടുത്തി.

കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണെന്നും മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം തെറ്റാണെന്നും നീനു പറഞ്ഞു. എന്നാല്‍ ഒരു തവണ തന്നെ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് കൊണ്ടുപോയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി.

നീനു മനോരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അമ്മ രഹ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നീനുവിനെ വിവാഹം കഴിച്ചുകൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അതിന് മുന്‍പ് തന്നെ നീനു വീടുവിട്ട് ഇറങ്ങുകയായിരുന്നെന്നും രഹ്ന ചാക്കോ പറഞ്ഞത്.


Also Read “കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം”; എസ്.ഡി.പി.ഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്


നീനുവിന് മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായിരുന്നും അതുകൊണ്ട് തന്നെയാണ് സ്റ്റേഷനില്‍ വെച്ച് അവളെ ബലമായി പിടിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത്. അവള്‍ നിരവധി തവണ ആത്മഹത്യയ്ക്കും മറ്റും ശ്രമിച്ചിട്ടുണ്ട്. മാനസികമായി പ്രശ്നമുള്ളതുകൊണ്ട് തന്നെയാണ് അവള്‍ തങ്ങള്‍ക്കെതിരെ ഓരോ കാര്യങ്ങള്‍ പറയുന്നതെന്നും എന്നുമായിരുന്നു രഹ്‌നയുടെ പ്രതികരണം.

കെവിന്‍ വധക്കേസ് ഗൂഢാലോചനയില്‍ ഒരു തരത്തിലുള്ള പങ്കുമില്ലെന്നും അതുകൊണ്ട് തന്നെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തതെന്നും അവര്‍ പറഞ്ഞിരുന്നു. മകന്‍ ഷാനു ഗള്‍ഫില്‍ നിന്നും വന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ല. കെവിനുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ അക്കാര്യം കെവിന്റെ അച്ഛനെ അറിയിക്കാനായി ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ ഒരു മകനില്ല. അവനുമായി പിരിഞ്ഞു നില്‍ക്കുകയാണ്. എനിക്ക് അവനെ പറ്റി ഒന്നും അറിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നും രഹ്ന പറഞ്ഞിരുന്നു.

എന്റെ മോനും പപ്പായും എന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അവളോടുള്ള അമിത സ്നേഹം കൊണ്ടാണ്. താന്‍ ഒളിവില്‍ പോയിട്ടില്ല. നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. ദൈവമാണ് തന്നെ കാത്തത്. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അക്കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more