കെവിന്‍ വധക്കേസില്‍ പ്രാഥമിക വാദം ഇന്ന്; വിധി ആറ് മാസത്തിനുള്ളില്‍
Kerala News
കെവിന്‍ വധക്കേസില്‍ പ്രാഥമിക വാദം ഇന്ന്; വിധി ആറ് മാസത്തിനുള്ളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 9:41 am

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി ജീല്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസ് ദുരഭിമാനക്കൊലയുടെ പരിധിയില്‍ വന്നതോടെ വിധി ആറ് മാസത്തിനുള്ളില്‍ ഉണ്ടാവും.

വ്യത്യസ്ത ജാതിയില്‍പ്പെട്ട നീനുവും കെവിനും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാണ് കെവിനെ നീനുവിന്റെ സഹോദരനും സംഘവും കൊലപ്പെടുത്തിയത്. ദുരഭിമാനവും വിരോധവും മൂലമായിരുന്നു കൊല നടത്തിയതെന്നാണ് പ്രൊസിക്യൂഷന്റെ വാദം.

ALSO READ: ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം; ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചു

ചാലിയേക്കര ആറ്റില്‍ വീഴ്ത്തി പ്രതികള്‍ മനപൂര്‍വ്വമാണ് കെവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രൊസിക്യൂഷന്‍ വാദിക്കുന്നത്. കേസില്‍ ഗതാഗത മോട്ടോര്‍ വകുപ്പുകളുടെ ക്യാമറാ ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകും. മാന്നാനത്തെ സ്‌കൂളിന്റെ സിസിടിവിയിലും കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, നിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, ഷെഫിന്‍ ഷജാദ്, വിഷ്ണു എന്നിവര്‍ റിമാന്‍ഡിലാണ്.