| Monday, 28th May 2018, 2:28 pm

കെവിന്‍ കൊലപാതകം; പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം; എസ്.പിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു; കൊടി കൊണ്ട് തലയടിച്ച് പൊട്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂർ: പ്രണയവിവാഹത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ പി. ജോസഫിനെ യുവതിയുടെ ബന്ധുക്കൾ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷന‍് മുന്നിലാണ്‌ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അരങ്ങേറുന്നത്. സംഭവത്തിനിടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എസ്.പി മുഹമ്മദ് റഫീഖിനെ കയ്യേറ്റം ചെയ്തു.

കൊടി ഉപയോഗിച്ചാ‍ണ്‌ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എസ്.പിയെ അടിച്ചത്. സംഭവത്തെ തുടർന്ന് മുൻ മന്ത്രി തിരുവഞ്ചൂരും ഐ.ജി വിജയ് സാഖറെയും തമ്മിൽ വാഗ്വാദമുണ്ടായി. പ്രതിപക്ഷ അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും, രമേശ് ചെന്നിത്തലയും സ്റ്റേഷന​‍് മുന്നിൽ കുത്തിയിരിക്കുകയാണ്‌. തിരുവഞ്ചൂർ ഉപവാസവും ആരംഭിച്ചിട്ടുണ്ട്.

പ്രണയ വിവാഹത്തിന്റെ പേരിൽ നടന്ന ദുരഭിമാന കൊല കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചാ വിഷയമാവുകയാ‍ണ്‌. പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് തിരക്കുകൾ മാറ്റി വെച്ച് കൊണ്ടാണ്‌ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ ഗാന്ധിനഗറിൽ എത്തിയിരിക്കുന്നത്.

കേസിൽ നടപടി എടുക്കാതിരുന്ന എസ്.ഐയെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്. എന്നാൽ ഈ നടപടികളിൽ തൃപ്തി വരാത്ത പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.

പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടികൊണ്ട് പോയ കെവിൻ പി. ജോസഫിന്റെ മൃതദേഹം ഇന്ന് ചാലിയക്കർ തോട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാ‍ണ്‌ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more