കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി
കൊച്ചി: കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി.
ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി. മൊഴി നല്‍കിയത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ്. അരയ്‌ക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും മൊഴിയില്‍ പറയുന്നു.
കെവിന്റെ മൃതദേഹം തെന്മല ആറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പുഴയില്‍ നിന്നും മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു. ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു തെളഇവായി സ്വീകരിച്ചത്.
കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന്‍ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും.
കോട്ടയം നാട്ടകത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മര്‍ദ്ദിച്ച് പുറത്തിറക്കുകയും കാറില്‍ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോകല്‍.
28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.