| Thursday, 22nd August 2019, 11:44 am

കെവിന്‍ ദുരഭിമാനക്കൊല; അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് കെവിന്‍ വധക്കേസില്‍ വിധി പറയവേ അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും അഭിനന്ദിച്ചത്.

കേസില്‍ ഒരുപാട് പ്രതികളുള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

‘മറ്റ് സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് പഴുതുകള്‍ അടച്ചത്. ദുരഭിമാനക്കൊലയാണെന്ന് തരത്തില്‍ തന്നെയാണ് ആദ്യം മുതല്‍ കേസന്വേഷിച്ചത്. ‘-ഹരിശങ്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

എന്നാല്‍ നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.

ചാക്കോയ്ക്ക് എതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് അറിഞ്ഞത്. 10 പ്രതികള്‍ക്കെതിരെയും ദുരഭിമാനക്കൊല പ്രകാരമുള്ള കുറ്റം ചുമത്തും.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി ഇത് പരിഗണിച്ചിരിക്കുന്നു. പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്.

കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതില്‍ ആദ്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദുരഭിമാനക്കൊല തന്നെയാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താഴ്ന്ന ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നത് അപമാനമാണെന്നും കെവിനെ കൊല്ലുമെന്നും സാനു ചാക്കോ പറയുന്നതുമായ ഫോണ്‍ സംഭാഷണമായിരുന്നു പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ദുരഭിമാനക്കൊലയല്ല നടന്നതെന്നും വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒരു മാസത്തിനകം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എല്ലാവരും ഒരേ മതത്തില്‍പ്പെട്ട ആള്‍ക്കാരാണെന്നും അതുകൊണ്ട് തന്നെ നടന്നത് ദുരഭിമാന കൊലയല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ഇതിന് പിന്നാലെ കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. നടന്നത് ദുരഭിമാനക്കൊലയാണോ എന്നതില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ശിക്ഷാ നടപടികള്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കോടതി പറഞ്ഞിരുന്നു. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തിയാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനകൊലക്കേസെന്ന നിലയിലാണ് കെവിന്‍വധക്കേസ് പരിഗണിക്കപ്പെടുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയും. സാനുവിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 14 പ്രതികളാണ് വിചാരണ നേരിടുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more