തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയ ഗാന്ധിനഗര്‍ മുന്‍ എ.എസ്.ഐ ടി.എം ബിജുവിനെ പിരിച്ചുവിട്ടു.
പ്രതിയില്‍ നിന്ന് കോഴ വാങ്ങിയതിനാണ് നടപടി. ഐ.ജി വിജയ് സാക്കറെ നടപടി തുടങ്ങി. ഇയാള്‍ക്കെതിരായ വകുപ്പുതല അന്വേഷണം നേരത്തെ പൂര്‍ത്തിയായിരുന്നു. സി.പി.ഒ എം.എന്‍ അജയ്കുമാറിന്റെ ഇന്‍ക്രിമെന്റ് 3 വര്‍ഷം പിടിച്ചുവെക്കാനും തീരുമാനമായി.
കെവിന്‍ വധക്കേസില്‍ കുറ്റപത്രത്തിന്‍മേലുള്ള പ്രാഥമിക വാദം ഇന്ന് ആരംഭിക്കാനിരിക്കെയാണ് നടപടി. കോട്ടയം നാലാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി മുതല്‍ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.
ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐ ടി.എം. ബിജു, റൈറ്റര്‍ സണ്ണിമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍.അജയകുമാര്‍, എന്നിവരെ സസ്‌പെന്‍ഡ് ചെയ്തായിരുന്നു പൊലീസുകാര്‍ക്കെതിരായ നടപടികളുടെ തുടക്കം.
തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതിനായിരുന്നു എസ്.പി ക്കെതിരെ നടപടി.
അക്രമിസംഘത്തില്‍ നിന്ന് കൈക്കൂലിവാങ്ങിയ എ.എസ്.ഐ ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും അന്വേഷണത്തിനിടയില്‍ അറസ്റ്റിലായിയിരുന്നു. കേസിലെ ഒന്നാംപ്രതി സാനുചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ സ്റ്റേഷനിലെത്തിച്ചിരുന്നെങ്കില്‍ കെവിന്റെ മരണം പോലും ഒഴിവാക്കാമായിരുന്നു.
കൊല്ലപ്പെടുന്നതിന് തലേദിവസം കെവിന്‍ നീനുവിനോടൊപ്പം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. നീനുവിനെ കെവിന്‍ തട്ടിക്കൊണ്ടുപോയെന്ന പിതാവ് ചാക്കോയുടെ പരാതിയെ തുടര്‍ന്നാണ് ഷിബു കെവിനെ വിളിപ്പിച്ചത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ രേഖകളുമായെത്തിയ കെവിനെ സ്റ്റേഷനില്‍ വെച്ച് ഷിബു മര്‍ദിച്ചു. നീനുവിനെ ബലംപ്രയോഗിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. എസ്‌ഐയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്റ്റേഷന് മുന്നിലൂടെ നീനുവിനെ വലിച്ചിഴച്ചാണ് പിതാവ് വാഹനത്തില്‍ കയറ്റിയത്.
ഷിബുവിന്റെ പിന്തുണയാണ് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ അക്രമിസംഘത്തിന് പ്രേരണയായത്. നീനുവും കെവിന്റെ പിതാവും സ്റ്റേഷനില്‍ പരാതിയുമായെത്തിയിട്ടും കേസെടുക്കാന്‍ എസ്.ഐ തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. പക്ഷെ കെവിന്‍ എവിടെയെന്ന് കണ്ടെത്താന്‍ ശ്രമം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നായിരുന്നു ഇതിന് പറഞ്ഞ കാരണം.
എസ്.ഐ.ക്കെതിരായുള്ള വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൊബൈലില്‍ വീഡിയോ കോളിലൂടെ ബന്ധുക്കളുമായി സംസാരിച്ചതിന്റെ പേരില്‍ ഏഴ് പൊലീസുകാരും നടപടി നേരിട്ടു. പ്രതികളുടെ സുരക്ഷയ്ക്കുപോയ എ.ആര്‍ ക്യാംപിലെ പൊലീസുകാര്‍ക്കെതിരെയായിരുന്നു നടപടി.