| Tuesday, 29th May 2018, 10:19 am

പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ മകനെ നഷ്ടപ്പെടില്ലായിരുന്നു: കെവിന്റെ അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൊലീസിന്റെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് മകനെ നഷ്ടമായതെന്ന് കെവിന്റെ പിതാവ് ജോസഫ്. പരാതി കൊടുത്തിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയ ശേഷം മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

പൊലീസിന്റെ ഈ സമീപനം കൊണ്ട് ഇല്ലാതായത് എന്റെ മകന്റെ ജീവനാണെന്നും ജോസഫ് പറഞ്ഞു. പരാതി നല്‍കിയിട്ട് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു.

കെവിനൊപ്പം ജീവിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്ന് നിയാസ് ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും എന്റെ സഹോദരന്‍ കൊലപാതകം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നീനു പറഞ്ഞു.

അതിനിടെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. ഷാനു നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷാനു ഇന്നലെ ഭാര്യ വീട്ടില്‍ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പിടിയിലായ നിയാസിന്റെ ഉമ്മ ലൈലാ ബീവി വെളിപ്പെടുത്തിയിരുന്നു. കെവിനുമായുള്ള നീനുവിന്റെ ബന്ധം ഇഷ്ടമല്ലെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് ഇവര്‍ പറഞ്ഞിരുന്നെന്നും ലൈലാ ബീവി പറഞ്ഞിരുന്നു.


Dont Miss കെവിന്റെ ഭാര്യയായിട്ട് തന്നെ ഞാന്‍ ജീവിക്കും; അച്ഛനോ അമ്മയോ വന്ന് വിളിച്ചാല്‍ കൂടെ പോകില്ലെന്നും നീനു


കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടു. നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നാണ് സൂചന. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.

We use cookies to give you the best possible experience. Learn more