വോൾഫ്‌സ്ബർഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു ശേഷം ടീമിന്റെ നട്ടെല്ലായി മാറിയ താരമാണ് കെവിൻ ഡി ബ്രൂയ്ൻ. തുടർന്നുള്ള സിറ്റിയുടെ കിരീടനേട്ടങ്ങളിലെല്ലാം കെവിൻ ഡി ബ്രൂയിനിന്റെ നിർണായക പങ്കുണ്ട്.
എന്നാൽ താരത്തിന്റെ സാന്നിധ്യം മാഞ്ചസറ്റർ സിറ്റിയിൽ അധികകാലം തുടരില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2025ൽ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അവസാനിക്കുന്ന കെവിൻ ഡി ബ്രൂയ്ൻ അത് പുതുക്കാനുള്ള സാധ്യതയില്ല. പ്രീമിയർ ലീഗിനപ്പുറം പുതിയ വെല്ലുവിളികൾ സ്വീകരിക്കാനുള്ള പദ്ധതിയിലാണ് താരമിപ്പോൾ.
31കാരനായ കെവിൻ എപ്പോൾ മാഞ്ചസ്റ്റർ വിടുമെന്ന കാര്യത്തിൽ വ്യക്തതയില്ല. താരം സ്‌പാനിഷ് ലീഗിലേക്ക് ചേക്കേറാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്‌പാനിഷ് ക്ലബായ അത്ലെറ്റികോ മാഡ്രിഡ് രംഗത്തുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. താരം മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ അവർ നീക്കങ്ങൾ നടത്തുമെന്നും ക്ലബ്ബിന്റെ പരിശീലകനായ ഡീഗോ സിമിയോണി, ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ആന്ദ്രേ ബെർട്ട എന്നിവർക്കെല്ലാം ഡി ബ്രൂയ്നെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ടൈറ്റിൽ ജേതാക്കളായ സിറ്റിയുടെ യുവ താരം എർലിങ് ഹാലണ്ടിനെ പ്രശംസിച്ച് ഡി ബ്രൂയിൻ രംഗത്തെത്തിയിരുന്നു.
ഹാലണ്ടിന് 800 ഗോളുകൾ വരെ സ്കോർ ചെയ്യാൻ സാധിക്കുമെന്നാണ് ഡി ബ്രൂയ്ൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഡോർഡ്മുണ്ടിൽ നിന്നും സിറ്റിയിലേക്കെത്തിയ താരം ഇത് വരെ 24 ഗോളുകളാണ് 19 മത്സരങ്ങളിൽ നിന്നും സിറ്റിക്കായി നേടിയത്. കൂടാതെ 22 വയസുള്ള താരം നിലവിൽ തന്നെ 200ലേറെ ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.