ഫുട്‌ബോള്‍ ലോകത്തെ ഗോട്ട് ചര്‍ച്ചകള്‍ ഇനിയും അന്ത്യമില്ലാതെ തുടരുകയാണ്. മെസിയോ റൊണാള്‍ഡോയോ ഏറ്റവും മികച്ചതാര് എന്ന ചോദ്യത്തിന് ഫുട്‌ബോള്‍ ലോകം രണ്ട് തട്ടിലാണെങ്കിലും ഇരുവരും പടിയിറങ്ങുന്നതോടെ ഫുട്‌ബോളില്‍ വലിയ ശൂന്യത നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല.
ഗോട്ട് ഡിബേറ്റില്‍ ആരാധകര്‍ മാത്രമല്ല, ഫുട്‌ബോള്‍ താരങ്ങളും ഇതിഹാസങ്ങളും തങ്ങളുടെ ഇഷ്ട താരത്തെ തെരഞ്ഞെടുത്തിരുന്നു. ഇതിഹാസ താരം പെലെ റൊണാള്‍ഡോയെ തെരഞ്ഞെടുത്തപ്പോള്‍ മറഡോണ മെസിയെയും ഗോട്ടായി തെരഞ്ഞെടുത്തു.
മറ്റെല്ലാ താരങ്ങളെയും പോലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നെയും മെസി ഓര്‍ റൊണാള്‍ഡോ എന്ന ചോദ്യം നേരിട്ടിരുന്നു. 2023ല്‍ താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുന്നത്.
ഇവരില്‍ മികച്ചതാര് എന്ന ചോദ്യത്തിന് പകരം ആര്‍ക്കൊപ്പം കളക്കളത്തിലിറങ്ങാനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് താരം ഉത്തരം പറഞ്ഞത്.
താനും മെസിയെ പോലെ ഒരു പ്ലേ മേക്കറാണെന്നും ഇക്കാരണത്താല്‍ ടിപ്പിക്കല്‍ സ്‌ട്രൈക്കറായ റൊണാള്‍ഡോക്കൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ഡി ബ്രൂയ്‌നെയുടെ മറുപടി.
‘ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും. കാരണം അദ്ദേഹം ഒരു ടിപ്പിക്കല്‍ സ്‌ട്രൈക്കറാണ്. എന്നാല്‍ മെസിയാകട്ടെ ഒരു പ്ലേ മേക്കറെ പോലെയാണ് കളിക്കുന്നത്. ഞാനും ഒരു പ്ലേ മേക്കറാണ്, ഒരു സ്‌ട്രൈക്കര്‍ക്കൊപ്പം കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഡി ബ്രൂയ്‌നെ പറഞ്ഞു.
കരിയറില്‍ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്നതില്‍ പ്രത്യേക കഴിവാണ് ഡി ബ്രൂയ്‌നെക്കുള്ളത്. യൂറോപ്പിലുടനീളം കളിച്ച 611 മത്സരത്തില്‍ നിന്നും 254 തവണയാണ് സഹ താരങ്ങള്‍ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ സഹായത്താല്‍ വലകുലുക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി 382 മത്സരത്തില്‍ നിന്നും 170 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ഗോളടിപ്പിക്കുന്നതില്‍ മാത്രമല്ല, സിറ്റിസണ്‍സിനായി ഗോളടിക്കുന്നതിലും ഡി ബ്രൂയ്‌നെ മികവ് കാട്ടിയിട്ടുണ്ട്. 102 ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി താരം സ്വന്തമാക്കിയത്.
Content Highlight: Kevin De Bruyne says he wants to play with Cristiano Ronaldo because he is a typical striker