അവന്റെ കാൽപാദങ്ങൾക്ക് മുന്നിൽ റൂണിയും വീണു; ഇതിഹാസങ്ങൾക്കൊപ്പം മാഞ്ചസ്റ്റർ സിറ്റി താരം
Football
അവന്റെ കാൽപാദങ്ങൾക്ക് മുന്നിൽ റൂണിയും വീണു; ഇതിഹാസങ്ങൾക്കൊപ്പം മാഞ്ചസ്റ്റർ സിറ്റി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 9:28 am

ഇംഗ്ലീഷ് പ്രീമിയര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോളും സ്പാനിഷ് താരം റോഡ്രി ഒരു ഗോളും നേടി.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ബെല്‍ജിയം സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്ന്‍ ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറെ തേടിയെത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടത്തിലേക്കാണ് ഡി ബ്രൂയ്ന്‍ നടന്നുകയറിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 104 അസിസ്റ്റുകളാണ് ഡി ബ്രൂയ്‌ന്റെ അക്കൗണ്ടില്‍ ഉള്ളത്. 103 അസിസ്റ്റുകള്‍ നേടിയ ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയെ മറികടന്നുകൊണ്ടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ മുന്നേറ്റം.

പട്ടികയില്‍ 162 അസിസ്റ്റുകള്‍ നേടികൊണ്ട് മുന്‍ വെയ്ൽസ് താരം റയാന്‍ ഗിഗ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. 111 അസിസ്റ്റുകളുമായി മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസുമാണ് രണ്ടാം സ്ഥാനത്തുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16, 22 മിനിട്ടുകളിലായിരുന്നു ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോളുകള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 46ാം മിനിട്ടില്‍ റോഡ്രിയിലൂടെ സിറ്റി മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അമീന്‍ അല്‍ ദക്കീന്‍ ആണ് ബേണ്‍ലിയുടെ ആശ്വാസഗോള്‍ നേടിയത്.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 14 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി ആറിന് ബ്രന്റ്‌ഫോര്‍ട്ടിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ബ്രന്റ്‌ഫോര്‍ട്ടിന്റെ ഹോം ഗ്രൗണ്ടായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയമാണ് വേദി.

Content Highlight: Kevin De Bruyne have reached third position in all time Premier League assists.