മാഞ്ചസ്റ്റർ സിറ്റിയിലെ ഒരേയൊരു രാജാവ്; കെവിന് വീണ്ടും റെക്കോഡ്
Football
മാഞ്ചസ്റ്റർ സിറ്റിയിലെ ഒരേയൊരു രാജാവ്; കെവിന് വീണ്ടും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 10:43 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ കുതിപ്പ് തുടരുന്നു. ബ്രെന്റ്‌ഫോര്‍ട്ടിനെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പര്‍താരം ഫില്‍ ഫോഡന്‍ തകര്‍പ്പന്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചപ്പോള്‍ സിറ്റി മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ സിറ്റിക്കായി ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് ബെല്‍ജിയന്‍ സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്ന്‍ നടത്തിയത്. മത്സരത്തിന്റെ 53ാം മിനിട്ടില്‍ ആണ് കെവിന്‍ അസിസ്റ്റ് നല്‍കിയത്. എതിരാളികളുടെ പെനാല്‍ട്ടി ബോക്‌സിലേക്ക് ഒരു മികച്ച ക്രോസ് നല്‍കുകയായിരുന്നു ബെല്‍ജിയന്‍ സൂപ്പര്‍ താരം. ക്രോസിന് തല വച്ചുകൊണ്ട് ലക്ഷ്യം കാണുകയായിരുന്നു ഇംഗ്ലണ്ട് താരം.

ഈ മിന്നും പ്രകടനത്തിനു പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് കെവിന്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി എല്ലാ മത്സരങ്ങളില്‍ നിന്നും 150 ഗോളുകള്‍ക്കാണ് ഡിബ്രൂയ്ന്‍ വഴിയൊരുക്കിയത്. തന്റെ 363ാം മത്സരത്തിലാണ് ഡി ബ്രൂയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ബ്രെന്റ്‌ഫോര്‍ട്ടിന്റെ തട്ടകമായ ജി ടെക്ക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21ാം മിനിട്ടില്‍ നീല്‍ മൗപേയിലൂടെ ആതിഥേയര്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 45+3, 53, 70 എന്നീ മിനിട്ടുകളില്‍ ഫോഡന്റെ ഹാട്രിക് ഗോളുകള്‍ പിറന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ വിജയം സന്ദര്‍ശകര്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 15 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കം 49 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നാമതുള്ള ലിവര്‍പൂളുമായി രണ്ടു പോയിന്റിന്റെ വ്യത്യാസമാണ് പെപ്പിനും കൂട്ടര്‍ക്കും ഉള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി പത്തിന് എവര്‍ട്ടണിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Kevin De Bruyne 150 assist for Manchester city.