ജൂണ്‍ 14ന് ആരംഭിക്കുന്ന യൂറോകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. മോണ്ടിനെഗ്രോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ബെല്‍ജിയത്തിനായി സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്ന്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഡി ബ്രൂയ്ന്‍ ഗോള്‍ നേടിയത്.
എതിര്‍ ടീമിലെ പ്രതിരോധത്തില്‍ ഉണ്ടായ പിഴവില്‍ നിന്നും ഗോള്‍ കീപ്പര്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്തു വന്നുകൊണ്ട് ബോള്‍ തട്ടി അകറ്റുകയായിരുന്നു. ആ സമയം ലഭിച്ച പന്ത് കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചുകൊണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം ഗോള്‍ നേടിയത്.
ബെല്‍ജിയത്തിനോടൊപ്പമുള്ള താരത്തിന്റെ നൂറാം മത്സരമായിരുന്നു ഇത്. തന്റെ സെഞ്ച്വറി മത്സരത്തില്‍ കെവിന്‍ ഗോള്‍ നേടിയത് ഏറെ ശ്രദ്ധേയമായി. ബെല്‍ജിയത്തിനായി 27 ഗോളുകളും 49 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.
രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ ലിയനാഡ്രോ ട്രൊസ്സാഡ് ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് താരം ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടിയത്.
മത്സരത്തിന്റെ 88ാം മിനിട്ടില്‍ മോണ്ടിനെഗ്രോ താരം മിലോസ് ബ്രനോവിക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് എതിരാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
മത്സരത്തില്‍ സര്‍വ്വ മേഖലയിലും ബെല്‍ജിയം ആയിരുന്നു മുന്നില്‍ നിന്നത്. 71 ശതമാനം ബോള്‍ പൊസഷന്‍ ബെല്‍ജിയത്തിന്റെ അടുത്തായിരുന്നു. മത്സരത്തില്‍ 20 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ബെല്‍ജിയം അടിച്ചുകൂട്ടിയത്. ഇതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു.
യൂറോകപ്പിന് മുന്നോടിയായി ഒരു സൗഹൃദ മത്സരം കൂടി ബെല്‍ജിയത്തിന്റെ മുന്നിലുണ്ട്. ജൂണ്‍ എട്ടിന് നടക്കുന്ന മത്സരത്തില്‍ ലക്‌സംബര്‍ഗാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. അതേസമയം യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലാണ് ബെല്‍ജിയം ഉള്ളത്. ഉക്രൈന്‍, റൊമാനിയ, സ്ലൊവാക്യ എന്നീ ടീമുകളാണ് ബെല്‍ജിയത്തിനൊപ്പം ഗ്രൂപ്പിലുള്ളത്.
Content Highlight: Kevin De Bruyn Complete 100 Matches for Belgium