വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നിയമിക്കപ്പെട്ടു. സുപ്രീംകോടതി ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍.
ജാക്‌സണിന്റെ നിയമനം വ്യാഴാഴ്ച യു.എസ് സെനറ്റ് അംഗീകരിച്ചതോടെയാണ് സുപ്രീംകോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ല് പിറന്നത്.
47നെതിരെ 53 വോട്ടുകള്‍ നേടിയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണിന്റെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.
51കാരിയായ ജാക്‌സണ്‍ അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ് ആശംസകളറിയിച്ചിട്ടുണ്ട്.
”നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികള്‍ക്കും ചരിത്രപരമായ നിമിഷം. അഭിനന്ദനങ്ങള്‍ കറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍,” ബൈഡന്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ് അഭിനന്ദനമറിയിച്ച് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. ജാക്‌സണ് ഒപ്പമുള്ള തന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ഒബാമ അഭിനന്ദനക്കുറിപ്പ് എഴുതിയത്.
”സുപ്രീംകോടതിയിലെ നിയമനത്തിന് ജസ്റ്റിസ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ് അഭിനന്ദനങ്ങള്‍.
ഇത് അമേരിക്കക്ക് മഹത്തായ ഒരു ദിവസമാണ്, നമ്മുടെ ചരിത്രത്തിലെ അഭിമാനകരമായ ഒരു നിമിഷമാണ്. ജസ്റ്റിസ് ജാക്‌സണ്‍ നിയമത്തോട് സത്യസന്ധതയും താല്‍പര്യവുമുള്ളയാളാണ്.
മികച്ച സുപ്രീംകോടതി ജഡ്ജിയാകാനുള്ള അനുഭവപരിചയവും അവര്‍ക്കുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ട്.
കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണിന്റെ ശബ്ദവും സുപ്രീംകോടതി ബെഞ്ചിലെ സാന്നിധ്യവും അമേരിക്കയെ കൂടുതല്‍ മികച്ച ഒരു രാജ്യമാക്കി മാറ്റും,” ഒബാമ ട്വിറ്ററില്‍ കുറിച്ചു.
കറുത്ത വംശജരായ പുരുഷന്മാര്‍ മുമ്പും യു.എസ് സുപ്രീം കോടതി ജസ്റ്റ്‌സുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.
Content Highlight: Ketanji Brown Jackson confirmed as first Black female US Supreme court justice