2024ലെ ടി-ട്വന്റി ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഓരോ ടീമുകളും. എന്നാല്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുകയാണ് പ്രോട്ടിയാസ് സ്റ്റാര്‍ സ്പിന്നര്‍ കേശവ് മഹാരാജ്. അടുത്തിടെ കഴിഞ്ഞ സൗത്ത് ആഫ്രിക്കന്‍ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. ടി-ട്വന്റിയും ടെസ്റ്റും സമനിലയില്‍ കലാശിക്കുകയായിരുന്നു.
എന്നാല്‍ ടി-ട്വന്റി ലോകകപ്പില്‍ ഒരു തകര്‍പ്പന്‍ ഏറ്റുമുട്ടലാണ് പ്രോട്ടിയാസ് സ്പിന്നര്‍ കേശവ് മഹാരാജ് പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരം സംസാരിച്ചത്. 2023ലെ ഏകദിന ലോകകപ്പില്‍ വിജയകരമായി മുന്നേറിയ ഇന്ത്യ പ്രോട്ടിയാസിനെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ ഓസ്‌ട്രേലിയയോട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
‘ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ടൂര്‍ണമെന്റിലേക്ക് ഇറങ്ങുന്നത്. ഞങ്ങളുടെ മുന്‍ റിസള്‍ട്ട് ശരിയാക്കുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഒരു ഫൈനല്‍ ഗംഭീരമായിരിക്കും. 2023 ഏകദിന ലോകകപ്പിന്റെ റൗണ്ട് റോബിന്‍ ഘട്ടത്തിന് ശേഷം, ദക്ഷിണാഫ്രിക്ക-ഇന്ത്യ ഫൈനലിനുള്ള ആഗ്രഹം ഇന്ത്യയിലെ നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത് ഞങ്ങള്‍ കേട്ടു, ”അദ്ദേഹം പറഞ്ഞു.
കേശവ് മഹാരാജ് നിലവില്‍ എസ്.എ20 പ്രീമിയര്‍ ലീഗ് കളിക്കുകയാണ്. ഡര്‍ബന് സൂപ്പര്‍ ജയ്ന്റിന് വേണ്ടിയാണ് താരം മത്സരിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനും കേശവ് മഹാരാജാണ്. നിലവിലെ എസ്.എ20 പ്രീമിയര്‍ ലീഗിന്റെ വളര്‍ച്ചയെക്കുറിച്ചും കേശവ് സംസാരിച്ചിരുന്നു.
‘ദക്ഷിണാഫ്രിക്കന്‍ ലീഗിന്റെ നിലവാരം ശ്രദ്ധേയമാണ്, വിവിധ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര താരങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. ഞങ്ങള്‍ ഐ.പി.എല്ലിന്റെ നിലവാരത്തിലേക്ക് അടുക്കുകയാണ്. ലീഗിലെ ഞങ്ങളുടെ രണ്ടാം വര്‍ഷമാണിത്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Keshav Maharaj Talking About 2024 T20I World Cup