| Tuesday, 14th November 2023, 9:57 pm

സെമി ഫൈനലിന് തൊട്ടുമുമ്പ് സിറാജിന് തിരിച്ചടി, വെറും ഒരു പോയിന്റിന് വിരാടിനും; ഒന്നാമനായി മഹാരാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ മുഹമ്മദ് സിറാജിനെ മറികടന്ന് സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍ കേശവ് മഹാരാജ്. റാങ്കിങ് പട്ടികയുടെ പുതിയ അപ്‌ഡേഷന്‍ പ്രകാരമാണ് മഹാരാജ് സിറാജിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തിയത്.

നവംബര്‍ പത്തിന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മഹാരാജ് സിറാജിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് മഹാരാജ് സ്വന്തമാക്കിയത്.

ഈ മത്സരത്തിന് പിന്നാലെ തന്റെ റേറ്റിങ് 726ലേക്ക് ഉയര്‍ത്താനും മഹാരാജിന് സാധിച്ചു. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റേറ്റിങ്ങാണിത്. 723 ആണ് രണ്ടാം സ്ഥാനത്തുള്ള സിറാജിന്റെ റേറ്റിങ്.

(ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മഹാരാജ് പുറത്തെടുക്കുന്നത്. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 4.37 എന്ന തകര്‍പ്പന്‍ എക്കോണമിയിലും 24.71 എന്ന ശരാശരിയിലുമാണ് മഹാരാജ് പന്തെറിയുന്നത്. നിലവില്‍ 2023 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 13ാം സ്ഥാനക്കാരനാണ് മഹാരാജ്.

ഒമ്പത് മത്സരത്തില്‍ നിന്നും 12 വിക്കറ്റുള്ള സിറാജ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണ്. 5.20 എന്ന എക്കോണമിയും 28.83 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സിറാജിനുള്ളത്.

അതേസമയം, ബുംറ നാല് സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്. 687 എന്ന റേറ്റിങ്ങാണ് നിലവില്‍ ബൂം ബൂമിനുള്ളത്. ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി. 682 എന്ന റേറ്റിങ്ങാണ് കുല്‍ദീപിനുള്ളത്.

നിലവിലെ ബൗളര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ അഞ്ചില്‍ മൂന്നിലും ഇന്ത്യന്‍ താരങ്ങളാണ്. കേശവ് മഹാരാജിന് പുറമെ മൂന്നാം സ്ഥാനത്തുള്ള ആദം സാംപയാണ് ആദ്യ അഞ്ചിലെ നോണ്‍ ഇന്ത്യന്‍ ബൗളര്‍.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പേള്‍ വിരാട് കോഹ്‌ലി ഒരു റാങ്ക് താഴേക്കിറങ്ങി നാലാമതെത്തി. 772 എന്ന റേറ്റിങ്ങാണ് വിരാടിനുള്ളത്. 773 റേറ്റിങ്ങുമായി സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കാണ് റാങ്കിങ്ങിലെ മൂന്നാമന്‍.

(ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക)

ബൗളര്‍മാരുടെ റാങ്കിങ്ങിലേതെന്ന പോലെ ബാറ്റര്‍മാരുടെ പട്ടികയിലെ ആദ്യ അഞ്ചിലും മൂന്ന് താരങ്ങളുണ്ട്. അഞ്ചാം റാങ്കിലുള്ള രോഹിത് ശര്‍മയാണ് മൂന്നാമന്‍.

ഡി കോക്കിന് പുറമെ രണ്ടാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമാണ് ആദ്യ അഞ്ചിലെ ഇന്ത്യക്കാരനല്ലാത്ത മറ്റൊരു ബാറ്റര്‍.

അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരായ കര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ശ്രേയസ് അയ്യരും കെ.എല്‍. രാഹലും റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കി.

അയ്യര്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തിയപ്പോള്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രാഹുല്‍ നിലവില്‍ 17ാം സ്ഥാനത്താണ്.

Content highlight: Keshav Maharaj surpasses Mohammed Siraj to becomes NO. 1 ODI bowler

We use cookies to give you the best possible experience. Learn more