| Monday, 3rd October 2022, 10:50 am

280ല്‍ എത്തേണ്ട ഇന്ത്യയെ 237 പിടിച്ചുകെട്ടിയവന്‍; സൗത്ത് ആഫ്രിക്കയുടെ സ്പിന്‍ മാന്ത്രികന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഏറെ നിരാശപ്പെടുത്തിയത് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരായിരുന്നു. ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞവര്‍ പോലും രണ്ടാം മത്സരത്തില്‍ ചെണ്ടകളാകുന്ന കാഴ്ചയായിരുന്നു ബര്‍സാപര ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത്.

ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ കഗീസോ റബാദയും വെയ്ന്‍ പാര്‍ണെലുമടക്കം എല്ലാവരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ഒരാളും പ്രോട്ടീസ് നിരയില്‍ ഉണ്ടായിരുന്നു,സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്.

എല്ലാവരേയും ആക്രമിച്ചു കളിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കേശവ് മഹാരാജിനെതിരെ ആ മികവ് പുലര്‍ത്താനായില്ല. നാല് ഓവര്‍ എറിഞ്ഞ് കേവലം 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്.

പ്രോട്ടീസ് നിരയിലെ കരുത്തരും പരിചയ സമ്പന്നരുമായ ബൗളര്‍മാര്‍ പരാജയപ്പെട്ടപ്പോഴാണ് ആത്മവിശ്വാസം മാത്രം കൈമുതലാക്കി കേശവ് മഹാരാജ് ഇന്ത്യയെ ആക്രമിച്ചത്. ഒരറ്റത്ത് എല്ലാ ബൗളര്‍മാരെയും അടിച്ചുകൂട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹാരാജിനെതിരെ മുട്ടിടിച്ചു.

കഗീസോ റബാദ നാല് ഓവറില്‍ 57ഇം വെയ്ന്‍ പാര്‍ണെല്‍ നാല് ഓവറില്‍ 54ഉം സൂപ്പര്‍ താരം ലുങ്കി എന്‍ഗിഡി നാലേവറില്‍ 49 റണ്‍സും വഴങ്ങി. യഥാക്രമം 145, 13.50, 12.25 എന്നതായിരുന്നു മൂവരുടെയും എക്കോണമി.

മൂന്നോവര്‍ എറിഞ്ഞ് ആന്റിച്ച് നോര്‍ട്‌ജെ 41 റണ്‍സും ഒറ്റ ഓവര്‍ മാത്രമെറിഞ്ഞ് ഏയ്ഡന്‍ മര്‍ക്രം ഒമ്പത് റണ്‍സും വിട്ടുകൊടുത്തപ്പോഴാണ് നാല് ഓവറില്‍ 23ന് രണ്ട് എന്ന നിലയില്‍ പന്തെറിഞ്ഞ കേശവ് മഹാരാജിന്റെ സ്‌പെല്‍ വേറിട്ടുനില്‍ക്കുന്നത്.

സൗത്ത് ആഫ്രിക്കന്‍ നിരയില്‍ വിക്കറ്റ് വീഴ്ത്തിയതും മഹാരാജ് മാത്രമാണ്. കെ.എല്‍. രാഹുലിനെയും രോഹിത് ശര്‍മയെയും മടക്കിയത് കേശവ് മഹാരാജായിരുന്നു. സൂര്യകുമാര്‍ യാദവ് റണ്‍ ഔട്ടായതിനാല്‍ ആ വിക്കറ്റ് നേട്ടം ആരുടെയും പേരില്‍ കുറിക്കപ്പെട്ടില്ല.

ക്യാപ്റ്റന്റെ മോശം പ്രകടനവും ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതും പ്രോട്ടീസ് ആരാധകരെ നിരാശരാക്കുമ്പോഴും ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ക്കൊപ്പം കേശവ് മഹാരാജിന്റെ പ്രകടനവും ആരാധകര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

വരാനിരിക്കുന്ന ലോകകപ്പിലും കേശവ് മഹാരാജ് സൗത്ത് ആഫ്രിക്കയുടെ ഏയ്‌സ് ആകുമെന്നാണ് എല്ലാവരും കരുതുന്നത്.

Content Highlight: Keshav Maharaj’s incredible spell in India vs South Africa 2nd T20
We use cookies to give you the best possible experience. Learn more