| Sunday, 26th August 2018, 10:01 am

അര്‍ണാബിനെ വിടാതെ മലയാളികള്‍; ഗൂഗിള്‍ പ്ലേസ്റ്റോറിലും റേറ്റിഗ് കുറച്ച് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോ സ്വാമിയെ വിടാതെ മലയാളികള്‍. റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പൊങ്കാലയിട്ട് മതിയാകാത്ത മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്‌റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടും പൊങ്കാലയിട്ടും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

കഴിഞ്ഞ ദിവസം അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്കില്‍ നടത്തിയ ചര്‍ച്ചയിക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.

എന്നാല്‍ കേരളത്തിനെതിരായ ഈ ദുഷ്പ്രചരണത്തിനെതിരെ മലയാളികള്‍ ഒറ്റ കെട്ടായി പ്രതികരിക്കുകയാണ് ഇപ്പോള്‍. കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന് പ്ലേസ്റ്റോറില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്.


Read Also : ശമ്പളം തരുന്ന മുതലാളിയേയും കൂട്ടുകാരെയും മാത്രമേ അയാള്‍ക്ക് പരിചയം കാണൂ; അര്‍ണാബ് ഗോ സ്വാമിക്കെതിരെ എം.സ്വരാജ്


ഇതോടെ ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലുമായി പൊങ്കാലയിടുന്നുമുണ്ട്.

അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ, പ്രൗഡ് ടു ബി എ കേരള തുടങ്ങി നിരവധി ഹാഷ്ടാഗുകളിലായി രൂക്ഷവിമര്‍ശനമാണ് മലയാളികള്‍ ഉന്നയിക്കുന്നത്.

“ഞങ്ങളൊരു കൂട്ടമാണ്. ഏറ്റവും മനോഹരമായ ദേശത്ത് ഏറ്റവും മനോഹരമായ ഭാഷ സംസാരിച്ച് ഏറ്റവും നന്നായി സംവദിച്ച് ജീവിക്കുന്ന കൂട്ടം  ഞങ്ങള് ബീഫ് തിന്നും.. പശു ഞങ്ങള്‍ക്ക് അമ്മയല്ല. പാല് തരുന്ന വളര്‍ത്ത് മൃഗം മാത്രമാണ്. ചാണകവും മൂത്രവുമൊക്കെ ഞങ്ങള്‍ക്ക് വളമാണ്. നിങ്ങളെപ്പോലെ തിന്നാനുള്ളതല്ല. നിങ്ങള്‍ക്ക് ഞങ്ങള്‍ കറുത്ത, മദ്രാസിയും മലബാറിയും ഒക്കെ ആയിരിക്കും. ഞങ്ങള്‍ നിങ്ങളെ കാണുമ്പോ കുമ്പിടണമെന്നൊക്കെ നിങ്ങള്‍ക്ക് തോന്നും. ഞങ്ങള് മലയാളികള്‍ സ്‌നേഹിക്കണം ബഹുമാനിക്കണം എന്ന് തോന്നുന്നവരെ അന്തസായി അങ്ങനെ ചെയ്യുന്നവരാണ്. പക്ഷേ തോന്നാത്തവരോട് ഒരു ഘട്ടത്തിലും അത് ചെയ്യത്തില്ല” കേരളത്തിന്റെ നന്മയും ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളുടെ കരുത്തിനേയും പ്രകീര്‍ത്തിച്ചും ബി.ജെ.പിയേയും മോദിയേയും കണക്കിന് വിമര്‍ശിച്ചും മലയാളികള്‍ പ്രതിഷേധമുയര്‍ത്തുന്നു.

നേരത്തേയും മലയാളികള്‍ അര്‍ണാബിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഒടുവില്‍ ചാനല്‍ റേറ്റിഗിന്റെ സിസ്റ്റവും റിവ്യു ബട്ടണും ഓഫ് ചെയ്താണ് മലയാളികളുടെ പ്രതിഷേധത്തെ അര്‍ണാബ് മറികടന്നത്.

Latest Stories

We use cookies to give you the best possible experience. Learn more