|

ചോദ്യങ്ങളനുവദിക്കാത്ത ഇന്ത്യന്‍ ജനാധിപത്യം; പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്ലാതാകുമ്പോള്‍ സംഭവിക്കുന്നത്; എം.പിമാര്‍ പറയുന്നു

ശ്രിന്‍ഷ രാമകൃഷ്ണന്‍

ലോക് ഡൗണിന് മറവില്‍ വലിയ രീതിയിലുള്ള അട്ടിമറികളാണ് രാജ്യത്തെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ ഇതിനകം നടന്നിട്ടുള്ളത്. രാജ്യം ലോക്ക് ഡൗണിലായ ഈ ഏഴ് മാസക്കാലയളവില്‍ വലിയ തിരുത്തലുകള്‍ക്കും മാറ്റിമറിക്കലിനും രാജ്യത്തെ ഉന്നത സ്ഥാപനങ്ങള്‍ വിധേയമായി.

പൊതുമേഖല സ്ഥാപനങ്ങള്‍ വന്‍ തോതില്‍ വില്‍ക്കാനുള്ള ധാരണകള്‍, സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ശേഷം വന്ന പ്രധാനന്ത്രിയുടെ ദുരിതാശ്വസ നിധി ഒരു ഓഡിറ്റിന്റെയും വിവരാവകാശ നിയമത്തിന്റെയും പരിധിയില്‍ വരാത്ത പി.എം കെയര്‍ ആയതും, എം.പി ഫണ്ട് അഞ്ച് വര്‍ഷത്തേക്ക് റദ്ദ് ചെയ്തതുമെല്ലാം ഈ ഏഴ് മാസത്തിനിടയിലാണ്.

ഒരു പ്രതിഷേധ സ്വരത്തിനു പോലും ഇടമില്ലാത്ത വിധത്തില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ അടച്ചിരിക്കേണ്ടി വന്ന സമയത്താണ് ഈ നിര്‍ണായക തീരുമാനങ്ങളെല്ലാം നടപ്പിലായത്. ഏറ്റവും അവസാനമായി ജനാധിപത്യത്തിന്റെ ജീവവായു എന്ന് കരുതുന്ന പാര്‍ലമെന്റിലെ ചോദ്യോത്തരവേളയും സീറോ അവറും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ റദ്ദ് ചെയ്തു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് കൂടി പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സെപ്തംബര്‍ പതിനാലിന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

ചോദ്യോത്തരവേളകളില്ലാതെ പാര്‍ലമെന്റ് സമ്മേളിക്കുന്നത് ജനാധിപത്യ വ്യവസ്ഥയോട് തന്നെയുള്ള വെല്ലുവിളിയാണെന്നാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രതികരിക്കുന്നത്.

എന്താണ് ചോദ്യോത്തരവേള

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളെക്കുറിച്ചും നയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാണ് ചോദ്യോത്തരവേള. സഭ സമ്മേളിക്കുന്നതിന്റെ ആദ്യ ഒരു മണിക്കൂറാണ് ചോദ്യോത്തരവേളയ്ക്കായി നീക്കി വെല്‍ക്കുക. എം.പിമാര്‍ക്ക് ചോദ്യങ്ങള്‍ നേരത്തെ തന്നെ എഴുതി നല്‍കാവുന്നതാണ്. ഇതിനുള്ള മറുപടി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ നല്‍കുകയും ചെയ്യും.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ മുന്നോട്ടുപോക്കിനെ എല്ലാ കാലത്തും നയിക്കുന്നതില്‍ ഈ ചോദ്യോത്തരവേളയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. സാമ്പത്തികമായ അഴിമതികളുള്‍പ്പെടെ പല നിര്‍ണായ വിവരങ്ങളും പുറത്ത് കൊണ്ടുവരാന്‍ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്ക് സാധിച്ചിരുന്നു എന്നതാണ് രാജ്യത്തിന്റെ ചരിത്രം പറയുന്നത്. 1991ല്‍ പാര്‍ലമെന്റ് സമ്മേളനം ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം പാര്‍ലമെന്റ് സമ്മേളനത്തിലെ ഏറ്റവും നിര്‍ണായകമായ ഭാഗമായി മാറുകയായിരുന്നു ചോദ്യോത്തരവേള.

മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് ചോദ്യോത്തരവേളയില്‍ അനുവദിക്കുക. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി നേരിട്ട് വാക്കാല്‍ മറുപടി പറയണം. ഇത്തരം ചോദ്യങ്ങള്‍ക്ക് അനുബന്ധ ചോദ്യങ്ങള്‍ ചോദിച്ചാലും വകുപ്പ് മന്ത്രി മറുപടി പറയേണ്ടിവരും.
നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്ക് എഴുതിയ മറുപടിയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ അനുബന്ധ ചോദ്യങ്ങള്‍ക്ക് അവസരമുണ്ടാകില്ല.

ഷോര്‍ട്ട് നോട്ടീസ് ചോദ്യങ്ങള്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് നോട്ടീസ് നല്‍കി അവതരിപ്പിക്കുന്നവയാണ്. ഇവയ്ക്കും വാക്കാലുള്ള മറുപടിയാണ് നല്‍കേണ്ടത്.

സീറോ അവര്‍

കൃത്യമായ നിയന്ത്രണങ്ങളോടെയാണ് ചോദ്യോത്തരവളേ പാര്‍ലമെന്റ് നടപടികളുടെ ഭാഗമായിരിക്കുന്നത്. പാര്‍ലമെന്ററി നടപടികളില്‍ ഇന്ത്യ കൊണ്ടുവന്ന ആശയമാണ് സീറോ അവര്‍.

1962 മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടപടിക്രമങ്ങളില്‍ സീറോ അവര്‍ ഇടംപിടിച്ചിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ സീറോ അവറിലൂടെയാണ് പാലമെന്റില്‍ എം.പിമാര്‍ ഉന്നയിക്കുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഉത്തരവ് പ്രകാരം പാര്‍ലമെന്റില്‍ നിന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തിരിക്കുകയാണ്. 2020 സെപ്തംബര്‍ പതിനാലിന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ഇല്ലാതാകുകയാണ്. രാജ്യമൊട്ടാകെ മുമ്പ് കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടികളിലൂടെ ഇന്ത്യയുടെ പാര്‍ലമെന്റ് കടന്നു പോകുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ സഭയുടെ വിവിധ നടപടി ക്രമങ്ങളില്‍ നിശ്ചയമായും മാറ്റങ്ങള്‍ വരുത്തേണ്ടിവരും പക്ഷേ പാര്‍ലമെന്റിലെ ചോദ്യോത്തരവേള എന്നത് ഒരു തരത്തിലും കൊവിഡുമായി ബന്ധപ്പെടുന്നതോ കൊവിഡ് പടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതോ അല്ല. ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വന്തം താത്പര്യ പ്രകാരം നടത്തുന്നതാണ് എന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പറയുന്നു.

‘നമ്മുടെ ജനാധിപത്യക്രമത്തിലെ സുപ്രധാന നടപടിയാണ് ഇല്ലാതാകാന്‍ പോകുന്നത്. ഇത് സര്‍ക്കാരിന് സൗകര്യമുണ്ടാക്കും എന്നാല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും പ്രഹരമുണ്ടാക്കുന്നതാണ്’. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് എളമരിം കരീം എം.പി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

”കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ സാഹചര്യം ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ചോദ്യോത്തരവേള വേണ്ടെന്ന് വെച്ചത്. അതുപോലെ പ്രധാന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഭയില്‍ ഉന്നയിക്കാനുള്ള അവസരമായ സീറോ അവറും വേണ്ടെന്നു വെച്ചിരിക്കുകയാണ്.

പാര്‍ലമെന്റ് നടപടികള്‍ ചട്ടപ്രകാരമാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുത്തത് ചട്ടവിരുദ്ധമാണ്.

സഭയുടെ നടപടിക്രമത്തില്‍ ഈ കാര്യവും കൂടി പാസാക്കിയെടുക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് അതെളുപ്പത്തില്‍ പാസാക്കിയെടുക്കാനും സാധിക്കും.

പക്ഷേ സംഭവിക്കാന്‍ പോകുന്നത് രാജ്യം നേരിടുന്ന അതീവ ഗൗരവമായ പ്രശ്‌നങ്ങളെക്കുറിച്ചും സര്‍ക്കാര്‍ നടപടിയെക്കുറിച്ചുമുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ചോദ്യമുന്നയിക്കാനുള്ള അവകാശമാണ് സഭാ അംഗങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത്.

പല സുപ്രധാന കാര്യങ്ങളും സഭയില്‍ വെളിപ്പെടുത്താനുള്ള അവസരമാണ് ഇതൊടെ ഇല്ലാതാകുന്നത്. രേഖാമൂലമുള്ള ചോദ്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇതിന്റെ പോലും മറുപടി പിന്നീടാണ് സഭാംഗങ്ങള്‍ക്ക് ലഭിക്കുക.
നമ്മുടെ ജനാധിപത്യക്രമത്തിലെ സുപ്രധാന നടപടിയാണ് ഇല്ലാതാകാന്‍ പോകുന്നത്. ഇത് സര്‍ക്കാരിന് സൗകര്യമുണ്ടാക്കും എന്നാല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും പ്രഹരമുണ്ടാക്കുന്നതാണ് ഉണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം” അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യം വലിയ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായകമായ പല ചോദ്യങ്ങളും ഉന്നയിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നതെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര മന്ത്രാലയത്തിന് പല ഉത്തരവുകള്‍ ഇറക്കുന്നതില്‍ തന്നെ വ്യക്തതയില്ല. രാജ്യത്തിന്റെ തൊഴിലവസരങ്ങള്‍ വലിയ തോതില്‍ ഇല്ലാതാവുകയാണ്. നമ്മുടെ നാട്ടില്‍ പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ തൊഴില്‍ രഹിതരായി ഇരിക്കുകയാണ്. ഇതിനു പുറമേ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. സ്വഭാവികമായും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദി നമ്മുടെ പാര്‍ലമെന്റാണ്. ചോദ്യോത്തരവേളകള്‍ ഇല്ലാതാകുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും പാര്‍ലമെന്റില്‍ നേരിടാന്‍ പോകുന്നത്”, രമ്യ ഹരിദാസ് പറഞ്ഞു.

‘എങ്ങിനെയായിരിക്കണം രാജ്യത്ത് കൊവിഡിനുശേഷമുള്ള പ്രതിസന്ധികളെ നേരിടേണ്ടത്് എന്നതൊക്കെ കൂട്ടായ ആലോചനയിലൂടെ ഉള്‍ത്തിരിഞ്ഞു വരേണ്ടതാണ്.

ജനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് നമ്മള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യേണ്ടത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് വലിയ ചോദ്യമാണ്.’ രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

‘പാര്‍ലമെന്റില്‍ ചോദ്യോത്തരവേള നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഓരോ അംഗങ്ങളെ സംബന്ധിച്ചിടത്തോളം നാടുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍, മറ്റ് നിര്‍ണായ തീരുമാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചോദിക്കാനും അറിയാനുമുള്ള അവസരമാണ് ചോദ്യോത്തരവേള. അംഗങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. ഇതൊരു നല്ല കീഴ്വഴക്കമായി തോന്നുന്നില്ല.’ തീരുമാനം നിശ്ചയമായും പാര്‍ലമെന്റ് പുനഃപരിശോധിക്കേണ്ടതാണെന്ന് എം.കെ രാഘവന്‍ എം.പി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘കൊവിഡുമായി ബന്ധപ്പെട്ട് ഭയാനകമായ കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് രോഗ വ്യാപനം ശക്തിപ്പെടുകയാണ്. അപ്പോള്‍ പോലും ടെസ്റ്റിങ്ങ് കൂട്ടുന്നില്ല.

കൊവിഡിന് ആവശ്യമായിട്ടുള്ള പ്രത്യേക ഹോസ്പിറ്റലുകള്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്ഥാപിക്കേണ്ടതാണ്. മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യത്തിന് കൊവിഡ് സ്‌പെഷ്യല്‍ ഹോസ്പിറ്റലുകള്‍ വരുന്നതോട് കൂടി പരിഹാരമാകും.’ ഇത്തരം നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും ചോദ്യോത്തര വേള ഇല്ലാതാകുന്നതോട് കൂടി അവസരമില്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ജീവവായുവാണെന്ന് നേരത്തെ ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു. പാര്‍ലിമെന്റിനെ മോദി സര്‍ക്കാര്‍ ഒരു നോട്ടീസ് ബോര്‍ഡായി ചുരുക്കകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പാര്‍ലമെന്റില്‍ നിന്ന് ചോദ്യോത്തരവേള ഇല്ലാതാകുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് തങ്ങള്‍ക്ക് അവകാശപ്പെട്ട അധികാരങ്ങള്‍ കൂടിയാണ് ഇല്ലാതാകുന്നത് എന്നാണ് എം.പിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍ ഇല്ലായ്മയും, അനുദിനം പടര്‍ന്നു പിടിക്കുന്ന കൊവിഡും ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാക്കുന്ന വേളയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്ന ജനപ്രതിനിധികള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം കൂടി ഇല്ലാതാകുമ്പോള്‍ അനേകകാലമെടുത്ത് നേടിയെടുത്ത് അവകാശങ്ങള്‍ കൂടിയാണ് ഇല്ലാതാകുന്നതെന്ന നിരീക്ഷണങ്ങള്‍ നേരത്തെ വന്നിരുന്നു.

അങ്ങനെയെങ്കില്‍ സെപ്തംബര്‍ പതിനാലിന് നടക്കുന്ന സഭാ സമ്മേളനം വ്യക്തമാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും മഹാമാരി ബാധിച്ചുവെന്നാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerals mp’s response over question hour and zero hour cancellation in parliament

ശ്രിന്‍ഷ രാമകൃഷ്ണന്‍