'ഡോ മോദീ, താന്‍ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്' ; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
Kerala News
'ഡോ മോദീ, താന്‍ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്' ; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 9:58 am

 

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര മനോഭാവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് മലയാളികള്‍ കേന്ദ്രനടപടിയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞദിവസം “ഞാന്‍ അക്ഷമനാണ്” എന്ന കുറിപ്പോടെ മോദി ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് കീഴിലാണ് ആയിരക്കണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെടുന്നവര്‍ മുതല്‍ തെറിവിളിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. 40,000 ത്തിലേറെ കമന്റുകളാണ് മോദിയ്‌ക്കെതിരെ ഈ വീഡിയോയ്ക്കു കീഴില്‍ വന്നിട്ടുള്ളത്.

Also Read:പ്രളയ ബാധിത മേഖലയിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ കയറ്റുന്നത് ബി.എം.എസുകാര്‍ തടഞ്ഞു

കേരളത്തിന് സഹായം ചെയ്യാന്‍ സന്നദ്ധത അറിയിച്ച വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ഏറ്റുവാങ്ങേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണ് മലയാളികളെ ഏറ്റവുമധികം രോഷം കൊള്ളിച്ചത്.

“കേരളത്തിന് യു.എ.ഇ തരുമെന്ന് പറഞ്ഞ കാശ് നമുക്ക് കിട്ടാത്ത രീതിയില്‍ ആക്കിയാല്‍ പൊന്നു മോനെ മോദി പണി ഗോ മാതാവിന്റെ മില്‍ക്കില്‍ തരും ” എന്നാണ് ഒരു പ്രതികരണം.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വെറും 600 കോടി രൂപ മാത്രം ധനസഹായം നല്‍കിയ കേന്ദ്ര നടപടിയ്‌ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന്റേത് പ്രതികാര നടപടിയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കേന്ദ്രം പണം നല്‍കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പിനു മുമ്പ് കള്ളപ്പണം തിരിച്ചെത്തിച്ച് ഓരോരുത്തര്‍ക്കും നല്‍കാമെന്ന് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം തരൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. നിരവധി പേരാണ് ഈ ആവശ്യമുന്നയിച്ച് കമന്റിട്ടിരിക്കുന്നത്.

ഇതിനു പിന്നാലെ കേരളം ആവശ്യപ്പെട്ട അരിയ്ക്ക് പണമീടാക്കാനുള്ള കേന്ദ്ര തീരുമാനവും മലയാളികളെ പ്രകോപിപ്പിച്ചിരുന്നു. ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ അരിയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സൗജന്യമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കിലോയ്ക്ക് 25 രൂപയെന്ന നിരക്കില്‍ 228കോടി രൂപ കേരളം നല്‍കണമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ ഇതുസംബന്ധിച്ച തീരുമാനം പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.