ന്യൂദല്‍ഹി: കേരളത്തെ സഹായിക്കരുതെന്ന പ്രചരണങ്ങളെ ന്യായീകരിച്ച് സംഘപരിവാര്‍. ഹം ഹിന്ദു.കോം സ്ഥാപകന്‍ അജയ് ഗൗതമാണ് കേരളത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
കേരളത്തില്‍ 10% പോലും ഹിന്ദുക്കള്‍ ഇല്ലെന്നും ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവരാണ് കേരളീയരെന്നും പറഞ്ഞാണ് ഇദ്ദേഹം സംഘപരിവാര്‍ വിദ്വേഷ പ്രചരണത്തെ ന്യായീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയര്‍ ബീഫ് കഴിക്കുന്നവരാണെന്നും അവരെ സഹായിക്കരുതെന്നുമുള്ള ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ടാണ് അജയ് ഗൗതം ഇങ്ങനെ പറഞ്ഞത്.
“ബീഫ് ആഹാരമാക്കുന്നവര്‍ മനുഷ്യരല്ല, രാക്ഷസരാണ് എന്നാണ് എന്റെ വേദങ്ങളും ഉപനിഷത്തുകളും പറയുന്നത്. അത്തരം ആളുകള്‍ ദയ അര്‍ഹിക്കുന്നില്ല. അവര്‍ ശിക്ഷ അര്‍ഹിക്കുന്നവരാണ്. കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ദൈവത്തിന് എതിരാണ്.” എന്നാണ് അജയ് ഗൗതം പറയുന്നത്.
കേരളത്തിലെ ദുരിതത്തിന് കാരണം പശുക്കളെ കൊല്ലുന്നത് കൊണ്ടാണെന്നും, കേരളത്തില്‍ ബിഫ് തിന്നാത്തവരെ മാത്രമേ സഹായിക്കാവു എന്നുമാണ് ഇന്ത്യാ ടുഡേയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ചക്രമാണി പറഞ്ഞത്.
“കേരളത്തെ സഹായിക്കാന്‍ ഞാനും ആവശ്യപ്പെടുന്നു. പക്ഷേ, പ്രകൃതിയേയും ജീവജാലങ്ങളേയും ബഹുമാനിക്കുന്നവരെ മാത്രമേ സംരക്ഷിക്കാവൂ. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടായിട്ടും അവര്‍ പശുവിനെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതി” എന്നായിരുന്നു പരാമര്‍ശം.