ചെന്നൈ: അമിതമായ ചാര്‍ജ്ജ് ഈടാക്കിയത് ചൂണ്ടിക്കാണിച്ച് സേലം പൊലീസിന് നല്‍കിയ പരാതി എത്തിയത് അമേരിക്കയില്‍. കൊച്ചി സ്വദേശിയായ അരുണാനന്ദാണ് ട്വിറ്ററിലൂടെ സേലം പൊലീസിന് പരാതി നല്‍കിയപ്പോള്‍ ടാഗ് മാറി അമേരിക്കയിലെ ഒറിഗണിലെ സേലം പൊലീസിനായിപ്പോയത്.
യേര്‍ക്കാടിലെ ഓട്ടോക്കാരന്‍ ഒന്നരകിലോമീറ്ററിന് 50 രൂപ ഈടാക്കിയെന്ന് കാണിച്ചാണ് അരുണാനന്ദ് സേലം പൊലീസിനും, തമിഴ്നാട് മുഖ്യമന്ത്രിയ്ക്കും, ദിനകരന്‍ ഓണ്‍ലൈനിനും, ദിനതന്തിയ്ക്കും ടാഗ് ചെയ്തു് പരാതി നല്‍കിയത്. പക്ഷെ തമിഴ്നാട്ടിലെ സേലം പോലീസിനു പകരം ഓറിഗണിലെ സേലം പോലീസ് ഡിപ്പാര്‍ട്മെന്റിനെയാണ് അരുണാനന്ദ് അറിയാതെ ടാഗ് ചെയ്തത്. നവംബര്‍ 20 നായിരുന്നു അരുണാനന്ദിന്റെ ട്വീറ്റ്.
Also Read: ബലാത്സംഗക്കേസില്‍ റോബീഞ്ഞോയ്ക്ക് ഒമ്പത് വര്‍ഷം തടവ്
പരാതി മാറി വന്നതാണെന്ന് മനസിലാക്കിയ അമേരിക്കയിലെ സേലം പൊലീസ് ഇതിന് മറുപടിയും നല്‍കി. ഇത് അമേരിക്കയിലെ സേലം ആണെന്നായിരുന്നു അവരുടെ മറുപടി.
ഇരുകൂട്ടരുടെയും ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ബെംഗലൂരുവിന്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയടക്കമുള്ള ട്വിറ്റര്‍ ലോകം സംഭവത്തില്‍ ചിരിയുണര്‍ത്തുന്ന കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.